തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരനെ രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി ദിനപത്രത്തിന്റെ മുഖപ്രസംഗം. 'കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ രൂക്ഷമായ ഭാഷയിലാണ് മുരളീധരനെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നത്.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകളിലൂടെ തുരങ്കംവയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. എന്നാൽ, സ്വന്തം മന്ത്രാലയംപോലും അതിന് ചെവികൊടുത്തില്ല എന്ന് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാൽ മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അർത്ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തിക്കൊണ്ട് പറയട്ടെ ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാൻ അദ്ദേഹം തയ്യാറാകണം.
കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച ആളല്ലെങ്കിലും തലശേരിയിൽ ജനിച്ച് ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിവരെ എത്തിയ ഈ മന്ത്രിക്ക് കേരളം എന്ന് കേൾക്കുമ്പോൾ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബി.ജെ.പിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമർഷമാണോ ഇതിന് കാരണം.
ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാൻ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. ഒരു സാധാരണ രാഷ്ട്രീയക്കാരൻ എന്ന നിലയിൽനിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാൻ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കേരളത്തിനെ അപഹസിക്കാൻ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്. പ്രബുദ്ധകേരളത്തിന് ബാദ്ധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രി-മുഖപ്രസംഗം ചോദിക്കുന്നു.