ഇന്ത്യാ- ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് രാജ്യത്ത് ആരംഭിച്ച ബോയ്ക്കോട്ട് ചൈന കാമ്പയിനിനെ പിന്തുണച്ച് ഗായകൻ നജീം അർഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അർഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്. 'നമ്മുടെ സൈന്യത്തിനോട് ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോൾ ഇതേ ചെയ്യാൻ സാധിക്കുകയുള്ളു. നിങ്ങൾ ചെയ്യൂ. നമ്മുടെ ഇന്ത്യൻ സൈനികർക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ'; നജീം അർഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
ബൈറ്റ് ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് . ചൈനാ ബന്ധത്തിന്റെ പേരിൽ ആഗോള തലത്തിൽ സംശയമുനയിൽ നിൽക്കുന്ന ടിക് ടോക് ആപ്ലിക്കേഷൻ, ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ടിക് ടോക്കിന്റെ ആഗോള ഉപയോക്താക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.നജീമിന്റെ തീരുമാനത്തെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്കിൽ വരുന്നത്.ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന കാമ്പയിൻ രാജ്യത്ത് ശക്തമായത്. പലയിടങ്ങളിലും പ്രതിഷേധക്കാർ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈൽ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.