ലോക്ഡൗൺ കാലത്തെ വിരസതയകറ്റാൻ പലരും പല പല കാര്യങ്ങളാണ് ചെയ്തത്. പാചകം, ഡാൻസ്, പാട്ട് അങ്ങനെ വിവിധ മേഖലകളിലേക്ക് തിരിഞ്ഞ് സമയം ചിലവഴിച്ചവർ. ചിലർ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് വരെ പോയി. എന്നാൽ തൃശൂർ സ്വദേശിയായ 12 വയസുകാരൻ അദ്വൈത് കൃഷ്ണ ചെയ്തതെന്താണെന്നോ? ഒരു ട്രെയിൻ നിർമ്മിച്ചു. അതും വർത്തമാന പത്രം ഉപയോഗിച്ച്.
ഒരു പൂർണമായ ട്രെയിൻ അല്ല. ഒരു കൽക്കരി എൻജിനും, രണ്ട് ബോഗികളും ചേർന്ന ട്രെയിനിന്റെ ചെറിയ രൂപം. പൂർണമായും ന്യൂസ് പേപ്പർ ഉപയോഗിച്ചാണ് അദ്വൈത് കൃഷ്ണ ഈ ട്രെയിൻ തയ്യാറാക്കിയത്. ചേർപ്പ് സിഎൻഎൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് വെറും മൂന്ന് ദിവസം കൊണ്ടാണ് ന്യൂസ്‌പേപ്പറിൽ ട്രെയിൻ മാതൃക തയ്യാറാക്കിയത്. 33 ന്യൂസ് പേപ്പർ ഷീറ്റുകളും, 10 എ4 ഷീറ്റുകളും ഉപയോഗിച്ചാണ് അദ്വൈത് ട്രെയിൻ മാതൃക തയ്യാറാക്കിയത്.
അദ്വൈതിന്റെ ഈ കഴിവിനെ പ്രശംസിച്ച് ഇന്ത്യൻ റെയിൽവേ മന്ത്രാലയം തന്നെ സോഷ്യൽ മീഡിയകളിൽ വിഡിയോയും ചിത്രവും പോസ്റ്റ് ചെയ്തു. "അദ്വൈത് കൃഷ്ണയെ പരിചയപ്പെടാം. കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള ഈ കൊച്ചു മിടുക്കൻ തന്റെ ക്രിയാത്മകതയിൽ നിർമ്മിച്ചതാണ് ന്യൂസ് പേപ്പർകൊണ്ടുള്ള ട്രെയിൻ.
യഥാർത്ഥ തീവണ്ടിയോട് ഏറെ സാമ്യം പുലർത്തുന്ന ന്യൂസ് പേപ്പർ മാതൃക തയ്യാറാക്കാൻ വെറും മൂന്ന് ദിവസമേ വേണ്ടി വന്നുള്ളൂ" റെയിൽവേ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം റെയിൽവേ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്വൈത് കൃഷ്ണ എങ്ങനെ ട്രെയിൻ നിർമ്മിച്ച് എന്നുള്ളതും പറയുന്നുണ്ട്. ധാരാളം പേർ അദ്വൈതിനെ പ്രശംസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Master Adwaith Krishna, a 12 year old rail enthusiast from Thrissur, Kerala has unleashed his creative streak and has made a captivating train model using newspapers.
— Ministry of Railways (@RailMinIndia) June 25, 2020
His near perfection train replica took him just 3 days. pic.twitter.com/H99TeMIOCs