covid-19

കൊല്ലം: കൊവിഡ് സ്ഥിരീകരിച്ച വ്യാപാരിയെ പൊലീസുകാർക്കൊപ്പം വൈദ്യപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ആട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി. 26 കാരനായ ഒറ്റക്കൽ സ്വദേശിയായ യുവാവിനെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയത്. ആട്ടോ ഡ്രൈവറെയും, പൊലീസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ഓട്ടം വന്നപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്.

20ന് വൈകിട്ട് നാലോടെയാണ് ലഹരി വസ്തുവുമായി പിടിയിലായ വ്യാപാരിയെ പൊലീസിനൊപ്പം ആട്ടോയിൽ കൊണ്ടുപോയത്. പുനലൂർ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തി സ്രവം നൽകിയ ശേഷമാണ് മടങ്ങിയത്. പിന്നീട് തകരാർ ഉണ്ടായതിനെ തുടർന്ന് ആട്ടോറിക്ഷ വർക്ക് ഷോപ്പിൽ എത്തിച്ച ശേഷം യുവാവ് കിണർവെട്ട് ഉൾപ്പെടെയുള്ള കൂലിപ്പണിക്കും പോയിരുന്നു. വ്യാപാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം യുവാവ് അറിഞ്ഞതുമില്ല. ആരോഗ്യ പ്രവർത്തകരെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഗതിയുടെ ഗൗരവം യുവാവ് അറിയുന്നത്.