തിരുവനന്തപുരം: ആട്ടോ ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരുകുടുംബത്തിലെ മൂന്നുപേരുൾപ്പെടെ അഞ്ചുപേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട് വാർഡുകൾ പൂർണമായും, തൃക്കണ്ണാപുരം വാർഡിലെ ടാഗോർ റോഡ്, വള്ളക്കടവ് വാർഡിലെ പുത്തൻപാലം മേഖലകളെയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ഇതോടെ ഇവിടങ്ങളിലേക്കുള്ള റോഡുകളുടെ എൻട്രി, എക്സിറ്റ് ഭാഗങ്ങൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചശേഷം പൊലീസ് പിക്കറ്റേർപ്പെടുത്തി. അനാവശ്യമായുള്ള യാത്രകളും, കൂട്ടം കൂടലും ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കി. കൂടാതെ ഇവിടങ്ങളുമായി അടുപ്പമുള്ള ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളെ പ്രത്യേക ശ്രദ്ധചെലുത്തേണ്ട മേഖലകളായി തിരിച്ച് അവിടങ്ങളിലും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരീക്ഷണം ശക്തമാക്കി.
ആട്ടോഡ്രൈവറുടെ സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സ്റ്റേഷനറി കട ഉടമയുടെ സമ്പർക്കപട്ടികയും സങ്കീർണമാകും. കടയിൽ എത്തിയവരും കടയുടമയുമായും, കുടുംബവുമായും ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തുക ജില്ലാ അധികൃതർക്ക് തലവേദനയാകുമെന്നുറപ്പായി. സമ്പർക്കരോഗം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ മണക്കാട് പ്രദേശത്ത് നഗരസഭ അണുനശീകരണം നടത്തുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
പ്രദേശത്ത് പൊലീസ് നടപടികളും ശക്തമാകും.മണക്കാട് സ്വദേശിയായ ആട്ടോഡ്രൈവറിൽ നിന്നാണ് ആറുപേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആട്ടോ ഡ്രൈവറുടെ ഭാര്യയ്ക്കും രണ്ടുകുട്ടികൾക്കുമാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇയാളുടെ അടുത്ത ബന്ധുക്കളായ മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്നയാൾ (50), ഭാര്യ (42), മകൻ (15) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിലെ റിട്ട. ഉദ്യോഗസ്ഥനായ പുത്തൻപാലം വള്ളക്കടവ് സ്വദേശി (60), വിക്രം സാരാഭായ് ബഹിരാകാശകേന്ദ്ര ഉദ്യോഗസ്ഥനായ മണക്കാട് സ്വദേശി (41) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇതിനെ തുടർന്നാണ് നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹവ്യാപനത്തിന്റെ ആശങ്കയും പേറുന്ന നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരുമെന്ന് സൂചിപ്പിക്കുന്നതാണ് അവസാനം പുറത്ത് വന്ന കണക്കുകൾ.
മൂന്നുദിവസമായി സമ്പർക്കംവഴി രോഗം സ്ഥിരീകരിക്കാത്ത ആശ്വാസത്തിലായിരുന്ന ജില്ലയിൽ വീണ്ടും രോഗവ്യാപന നിരക്ക് കൂടിയത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആട്ടോ ഡ്രൈവറുടേതിന് സമാനമായ നിലയിലാണ് മണക്കാട്ടെ വ്യാപാരിയുടെയും സമ്പർക്കപ്പട്ടിക. വ്യാപാരിയും കുടുംബവുമായി അടുത്ത് ഇടപഴകിയവരുടെ ലിസ്റ്റ് രാവിലെ തയ്യാറാക്കാൻ ആരംഭിച്ചിട്ടുണ്ട്. അമ്പതിലധികം പേരുമായി ഇവർക്ക് പ്രാഥമിക സമ്പർക്കമുള്ളതായാണ് ലഭ്യമായ വിവരം. വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റയും റിട്ട. ഉദ്യോഗസ്ഥന്റെയും സമ്പർക്കപ്പട്ടികയും തയ്യാറാക്കി വരികയാണ്.. വൈകുന്നേരത്തോടെ ഇവരുടെ സമ്പർക്ക ലിസ്റ്റും സഞ്ചാരപഥവും വ്യക്തമാകുമെന്നാണ് കരുതുന്നത്.