ബഡ്ജറ്റിന്റെ കാര്യത്തിലും ബോക്‌സ് ഓഫീസ് വിജയത്തിലുമെല്ലാം തന്നെ പുത്തൻ റെക്കാഡുകൾ കുറിച്ച ചിത്രമാണ് ബാഹുബലി. ബാഹുബലിയിലൂടെ മഹിഷ്മതി, ശിവകാമി, ദേവസേന, പൽവാൾ ദേവൻ, മഹിഷ്മതി സാമ്രാജ്യവുമെല്ലാം പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയായിരുന്നു.
കൊവിഡ് കാലത്ത് രാജ്യത്ത് എല്ലായിടത്തും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയപ്പോൾ, മഹിഷ്മതി സാമ്രാജ്യത്തിലും മാസ്‌ക് ധരിക്കാതെ പറ്റില്ലെന്നായി. ബാഹുബലിയുടേയും പൽവാൾ ദേവന്റേയും മാസ്‌ക് വച്ച രസകരമായ വീഡിയോ ആണ് സംവിധായകൻ എസ്.എസ്.രാജമൗലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി പറയുന്നു.
2017 ഏപ്രിൽ അവസാനമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്നതാണ് ബാഹുബലിയുടെ പോപ്പുലർ റെക്കാഡ്. 1700 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷൻ. മറ്റൊരു ചിത്രത്തിനും ഈ റെക്കോർഡ് തകർക്കാൻ സാധിച്ചിട്ടില്ല. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകൾ കൂടാതെ റഷ്യൻ ഭാഷയിലും ജാപ്പനീസ് ഭാഷയിലും ബാഹുബലി ഒരുങ്ങിയിട്ടുണ്ട്. പ്രഭാസിന്റെ കരിയറിലെയും ഏറെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ബാഹുബലി.