ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണുംമൂലം ഇളവുനൽകിയ എ.ടി.എം ഇടപാടിനുള്ള സേവന നിരക്കുകൾ അടുത്തമാസം മുതൽ ബാങ്കുകൾ പുനസ്ഥാപിക്കും. മാർച്ച് ഇരുപത്തിനാലുമുതലാണ് എ.ടി.എം ഇടപാടിന് സേവന നിരക്കുകൾ ഒഴിവാക്കിയത്. ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇതുവരെ ഒരറിയിപ്പും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനാൽ ജൂലായ് ഒന്നുമുതൽ നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.
ഓരോ ബാങ്കും വ്യത്യസ്ത നിരക്കുകളാണ് ഉപഭോക്താക്കളിൽ നിന്ന് ഈടക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിലോ കസ്റ്റമർ കെയർ നമ്പരുകളിലാേ വിളിച്ച് ഉപഭോക്താക്കാൾ കൂടുതൽ വിവരങ്ങൾ തേടണം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ മാസത്തിൽ എട്ട് സൗജന്യ എ.ടി.എം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം എസ്.ബി.ഐ എ.ടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എ.ടി.എമ്മുകൾവഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളിൽ 10 സൗജന്യ ഇടപാടുകൾ നടത്താം.
സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ പോക്കറ്റ് കീറും. അധികമായി നടത്തുന്ന പണമിടപാട് പിൻവലിക്കൽ ഇടപാടുകളിൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജി.എസ്.ടി.യും നൽകണം. അക്കൗണ്ടിന്റെ ബാലൻസ് അറിയൽ പോലുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജി.എസ്.ടിയുമായിരിക്കും നൽകേണ്ടിവരിക.