കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് വേറിട്ട വഴിയുമായി കടയ്ക്കൽ സി. അച്യുതമേനോൻ ഗ്രന്ഥശാലയുടെ പുസ്തക ചലഞ്ച്. മുല്ലക്കര രത്നാകരൻ എം.എൽ.എ രചിച്ച് സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മഹാഭാരതത്തിലൂടെ എന്ന പുസ്തകം വിറ്റ് കിട്ടുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ചലഞ്ചാണ് പ്രമുഖ വ്യക്തികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നത്.
മഹാഭാരതത്തിലെ പ്രധാനപ്പെട്ട പത്ത് കഥാപാത്രങ്ങളെ സമകാലിക സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ഏറ്റവും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയുമാണ് പുസ്തകത്തിൽ. തിരുവനന്തപുരം സൂര്യ ഫെസ്റ്റിൽ മുല്ലക്കര നടത്തിയ പത്ത് ദിവസത്തെ പ്രസംഗമാണ് പുസ്തകത്തിനാധാരം. കവയത്രി സുഗതകുമാരി അവതാരിക എഴുതിയ പുസ്തകം അടൂർ ഗോപാലകൃഷ്ണനാണ് പ്രകാശനം ചെയ്തത്. സൂര്യകൃഷ്ണമൂർത്തി ആദ്യ പുസ്തകം ഏറ്റുവാങ്ങി.
നടൻ ഇന്ദ്രൻസ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം എം.പി, കെ.ഇ. ഇസ്മയിൽ, എഴുത്തുകാരൻ ബെന്യാമിൻ, മന്ത്രിമാർ, എം.എൽ.എമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, മേയർ ഹണി ബെഞ്ചമിൻ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചലഞ്ചിലെ ഭാഗമായി വായനാ മത്സരവും പുസ്തക ചർച്ചയും ഓൺലൈനായി സംഘടിപ്പിക്കും. 30 വരെ നീളുന്ന ചലഞ്ചിലൂടെ ആയിരത്തിലധികം പുസ്തകങ്ങൾ വിറ്റഴിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജെ.സി. അനിൽ, പി. പ്രതാപൻ, ഗ്രന്ഥശാലാ പ്രസിഡന്റ് വി. ബാബു, സെക്രട്ടറി സുധിൻ കടയ്ക്കൽ എന്നിവർ അറിയിച്ചു. പുസ്തകം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടണം. 9447300106.