വാഷിംഗ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരക്കാർക്ക് വിസ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന സാഹചര്യത്തിലാണ് ചൈനക്കെതിരെ കടുത്ത വിസ നിയമം കൊണ്ടുവരുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചുമതലക്കാരായിട്ടുള്ളവർക്കും നേരത്തെ ചുമതലയുണ്ടായിരുന്നവർക്കും വിസ നിയന്ത്രണം ബാധകമാണെന്നും പോംപിയോ വ്യക്തമാക്കി. ഹോങ്കോംഗിനുള്ള അന്താരാഷ്ട്ര സ്വീകാര്യത മുഴുവൻ ഇല്ലാതാക്കുന്ന ചൈനയുടെ നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവശ്യത്തിന്റെ ഭാഗമായാണ് ആദ്യ നടപടിയെന്നും പോംപിയോ പറഞ്ഞു.
അമേരിക്കയുടെ നടപടി തികച്ചും തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ബീജിംഗ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ പാർലമെന്റ് ചേരുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കയുടെ നടപടിയെക്കുറിച്ച് ചൈനയ്ക്ക് വിവരം ലഭിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ഹോങ്കോംഗിലെ പൗരന്മാരുടെ എല്ലാ നിയമനടപടികളും ബീജിംഗ് ഭരണകൂടത്തിന് കീഴിലാക്കുകയാണ്.
ദേശീയ സുരക്ഷാ നിയമം എന്നാണ് ചൈന നിരന്തരം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ അതിസമ്പന്നമായി മാറിയ ഹോങ്കോംഗിന്റെ നിലവിലെ അന്താരാഷ്ട്ര സ്വീകാര്യതയാണ് ചൈനയെ ചൊടിപ്പിക്കുന്നത്. അതിനെതിരെയാണ് അമേരിക്കയുടെ നീക്കം.