കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ പാലക്കാട് സ്വദേശി ഷെരീഫ് അറസ്റ്റിൽ. ഇന്ന് പുലർച്ചെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ കൂടുതൽ പ്രതികളെ ഉടൻതന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തേ വ്യാജ വീഡിയോയിലൂടെ ഇയാൾ മറ്റ് യുവതികളെയും കബളിപ്പിക്കാൻ ശ്രമിച്ചു എന്ന് വ്യക്തമായിരുന്നു. ഷെരീഫ് പൊലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുകൊടുത്താണ് യുവതികളെ കബളിപ്പിക്കാൻ ശ്രമിച്ചത്. മാർച്ചിൽ സംഘത്തിന്റെ തട്ടിപ്പിനിരയായ യുവതികൾ പരാതി നൽകി കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു.
ഈ ഘട്ടത്തിൽ കേസ് നൽകുന്നതിൽ നിന്ന് യുവതികളെ പിന്തിരിപ്പാക്കാനായിരുന്നു ഈ ദൃശ്യങ്ങൾ അയച്ചുകൊടുത്ത്.എന്നാൽ പിന്നീട് ടിക് ടോക്ക് വീഡിയോയിൽ ഇതേ ജീപ്പിന് മുന്നിൽ നിന്നുള്ള ഷെരീഫിന്റെ വീഡിയോ കണ്ടപ്പോഴാണ് ഷെരീഫ് അറസ്റ്റിലായിട്ടില്ളെന്നും തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചതാണെന്നും യുവതികൾക്ക് വ്യക്തമായത്.
അതേസമയം ഷെരീഫ് മാത്രമല്ല തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് തട്ടിപ്പിനിരയായ യുവതികളിലൊരാൾ പറയുന്നത്.കേസ് പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടെന്നും യുവതി പറയുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമെന്നാണ് ഷംനയുടെ പിതാവ് പറയുന്നത്.