ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കൽ പ്രവൃത്തിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ജൂലായ് മൂന്ന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.
മഴക്കാലത്തിന് മുൻപേ പൊഴി മുറിക്കൽ ജോലികൾ തീർക്കേണ്ടതുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ കാരണം ഇതിനുള്ള നടപടികൾ വൈകുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.