ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം ഉയർന്നത്. ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതരായത്. രാജ്യത്ത് ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്.
ആകെ രോഗബാധിതരിൽ 2,95,880 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,97,387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. നിലവിൽ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ കൂടുന്നത് കടുത്തആശങ്കയ്ക്കിടയാക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്താൻ കഷ്ടിച്ച് ആറ് ദിവസം മാത്രമാണ് വേണ്ടിവന്നത്.
മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുന്നത്. ഈ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1,52,765 ആയി. 7106 പേരാണ് ഇവിടെ മരിച്ചത്. ഡൽഹിയിൽ 77,240 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2492 പേരാണ് മരിച്ചത് തമിഴ്‌നാട്ടിൽ 74,622 പേർക്ക് രോഗംബാധിച്ചു. 957 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 30095 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 1771 പേരാണ് മരിച്ചത്.