കോട്ടയം: മറിയപ്പള്ളി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ അങ്കണത്തിൽ ഇന്നലെ രാവിലെ കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയുടേതെന്ന് സൂചന. കഴിഞ്ഞ മൂന്നാം തീയതി വൈക്കത്തുനിന്നും കാണാതായ യുവാവിന്റെതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബന്ധുക്കൾ എത്തി അവിടെനിന്ന് ശേഖരിച്ച പാന്റ്സും ഷർട്ടും ചെരിപ്പും ബൽറ്റും തിരിച്ചറിയേണ്ടതുണ്ട്. തിരിച്ചറിഞ്ഞാൽ ഡി.എൻ.എ ടെസ്റ്റ് നടത്തി ഒന്നുകുടി ഉറപ്പുവരുത്തേണ്ടിവരും. കഴുത്തിൽ മാല ഉണ്ടായിരുന്നതായാണ് യുവാവിന്റെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. മാലയ്ക്കായി ഇന്ന് രാവിലെ പൊലീസ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
പഴയ കാന്റീൻ കെട്ടിടത്തിനു പിറകിലുള്ള പുളിമരച്ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ചങ്ങനാശേരി ഡിവൈ.എസ്.പി വി.കെ.ജോഫി, ചിങ്ങവനം സി.ഐ ബിൻസ് ജോസഫ് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റിനുശേഷം അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തല വേർപ്പെട്ട നിലയിലായിരുന്നു അസ്ഥികൂടം. മാംസം പൂർണമായും ശരീരത്തിൽ നിന്നും വേർപെട്ടിരുന്നു.
കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും മദ്യപന്മാരുടെയും വിഹാര കേന്ദ്രമാണ് ഇവിടം. ശരീരത്തിൽ മാല കാണാതായതോടെ കൊലപാതകമാണോ ഇതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണോ എന്നകാര്യം വ്യക്തമായി അറിയാൻ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യ പ്രസ് അങ്കണം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടെ ഒരാൾ പൊക്കത്തിൽ ചെടികൾ വളർന്നു നിൽക്കുകയാണ്. കഞ്ചാവ് വലിക്കുന്നവരും മദ്യപകരും ഇവിടെ തമ്പടിച്ചതോടെ നാട്ടുകാർക്ക് അവിടേക്ക് പ്രവേശനമില്ലാതെയായി. കഴിഞ്ഞദിവസം ഇവിടെനിന്നും ദുർഗന്ധം പരന്നിരുന്നതായി നാട്ടുകാർ പറയുന്നു. പക്ഷേ, കോഴിവേസ്റ്റ് ഇവിടെ തള്ളുന്നതിനാൽ അതിന്റെ മണമാവുമെന്നാണ് അയൽവാസികൾ കരുതിയത്.
കഞ്ചാവ് ലഹരിയിൽ ആളുകൾ ബഹളം വയ്ക്കുന്നതും ഇവിടെ പതിവാണ്. കൂടാതെ വാക്കേറ്റങ്ങളും നടന്നിരുന്നു. രണ്ട് മൊബൈൽ ഫോണുകൾ തിരച്ചിലിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അത് ആരുടെതെന്ന് വ്യക്തമായിട്ടില്ല.