kolam

കൊല്ലം: ചാത്തന്നൂർ മീയ്യണ്ണൂരിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്ന് 15500 രൂപ തട്ടിയെടുത്തതായി പരാതി. മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ യുവാവ് കടയിൽ കയറി സ്ഥാപന ഉടമയെക്കുറിച്ചും മുൻ ജീവനക്കാരെക്കുറിച്ചും തിരക്കിയ ശേഷം ജീവനക്കാരിയോട് പതിനയ്യായിരം രൂപ ആവശ്യപ്പെട്ടു. താൻ വിവരം ഉടമയോട് വിളിച്ച് പറയാമെന്ന് പറഞ്ഞ് മൊബൈലിൽ സംസാരിക്കുന്നതായി അഭിനയിച്ചു. 170 സെന്റിമീറ്റർ ഉയരവും, തടിച്ച ശരീരപ്രകൃതവും, വെളുത്ത നിറവുമുള്ള 40 വയസ് പ്രായം തോന്നുന്നയാളാണ് പണം വാങ്ങിയത്.

22000 രൂപ ഒരാൾ വൈകിട്ട് 5 മണിക്ക് ഇവിടെ എത്തിക്കുമെന്നും ഇപ്പോൾ 15500 രൂപ നൽകാൻ ഉടമ പറഞ്ഞതായും അഭിനയിച്ചു. വിവരം തിരക്കാൻ ജീവനക്കാരി സ്ഥാപന ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നാത്തതിനാൽ ജീവനക്കാരി പണം നൽകി. തുടർന്ന് ബൈക്കിൽ കയറി പോയതിന് പിന്നാലെ ഉടമ കടയിലെത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. ഉടൻ കുളപ്പാടം പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താനായില്ല. ഒരു മാസം മുൻപ് പൂയപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ നിന്ന് സമാനമായ രീതിയിൽ 5000 രൂപ തട്ടിയെടുത്തിരുന്നു.