കൊവിഡുമായുള്ള സഹജീവനം ജീവിതത്തിൽ ഒട്ടേറെ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്നുണ്ട് .ഇത് വിഷാദത്തിന്റെയും ആധികളുടെയും നാളുകളായി മാറുന്നുണ്ടോയെന്ന സംശയമുണർത്തുന്ന വിധത്തിലുള്ള സംഭവങ്ങൾ കേട്ടുതുടങ്ങുന്നു . മറുനാട്ടിൽ ജീവിക്കുന്ന മക്കളുടെ സുരക്ഷതത്വത്തെ കുറിച്ച് വേവലാതിപ്പെട്ട് ഉറക്കം നഷ്ടപ്പെട്ട മുതിർന്ന പൗരന്മാർ പരിഹാരം തേടി വരുന്നു. മധ്യവയസിൽ ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചു വരികയും, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഓർത്ത് ആശങ്കയിൽ ക്വാറന്റൈനിൽ ചെലവഴിക്കുകയും ചെയ്യുന്ന എത്രയോ പ്രവാസികൾ. കൊവിഡ് സാഹചര്യത്തിന്റെ സൃഷ്ടിയായ ഒരു പുതിയ തരം മിഡ് ലൈഫ് ക്രൈസിസും അതിന്റെ വിഷാദവും ഉള്ളവർ മാനസികാരോഗ്യ സഹായം തേടിവരാൻ തുടങ്ങിയിരിക്കുന്നു.
കണക്കു കൂട്ടലുകൾ തെറ്റുന്നത് കാണുമ്പോൾ പകച്ചു നിൽക്കുന്നവരുടെ കൂട്ടത്തിൽ പല ശ്രേണിയിലുള്ളവരുണ്ട്. അകലം പാലിക്കുന്ന പുതിയ സംസ്‌കാരത്തിൽ ഈ ആകുലതകൾ തിരിച്ചറിയപ്പെടാതെ പോകുന്നു . മാസ്‌ക് കെട്ടുന്നത് കൊണ്ട് മനസ് തകർന്നതിന്റെ ഭാവങ്ങൾ കാണാതെ പോകുന്നുണ്ട്. കൊവിഡ് കാലത്തു മുഖത്ത് മാസ്‌ക് ആകാം. എന്നാൽ അത് സൃഷ്ടിക്കുന്ന ആകുലതയുടെ നാളുകളിൽ മനസിന് ആരും മാസ്‌ക് കെട്ടരുത്. സങ്കടവും,ആശയക്കുഴപ്പവുമൊക്കെ വിശ്വസിക്കാവുന്നവരോട് തുറന്ന് പറഞ്ഞോളണം. ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ അത് തിരിച്ചറിയുകയും വേണം .ചെവിയിൽ ആരും മാസ്‌ക് കെട്ടുന്നില്ലല്ലോ? കേൾക്കുക. അകക്കണ്ണുകൾ തുറന്ന് സഹജീവിയുടെ മനസറിയുക. ആകാവുന്നിടത്തോളം സഹായിക്കുക. അങ്ങനെ അനിശ്ചിത കാലത്ത് പരസ്പരം അതിജീവനത്തിന് വഴിയൊരുക്കാം.
ഈ കാലഘട്ടത്തിൽ പരസ്പരം നന്മ ചെയ്യാനും തുണയേകാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് അത് ചെയ്യുക?പണത്തിന് പണവും തൊഴിലിന് തൊഴിലും വേണ്ടേയെന്ന തർക്കചോദ്യങ്ങൾക്ക് ചിലപ്പോൾ പെട്ടന്ന് ഉത്തരമില്ലായിരിക്കും. എന്നാൽ അതോർത്ത് നൈരാശ്യത്തിന്റെ കുഴിയിൽ വീഴാൻ ആരെയും അനുവദിക്കരുത്. തെറ്റിയ ചുവട് ചെറുതായി ഒന്ന് ഉറയ്ക്കുമ്പോൾ പിടിച്ചു നിൽക്കാനും ,തിരിച്ചു കയറാനുമുള്ള ഇച്ഛാശക്തി ഉണർത്തും വിധത്തിലാകണം ഇടപെടലുകൾ. അകലം പാലിക്കുമ്പോഴും മനസുകൾ അകലാതിരുന്നാൽ മനുഷ്യർക്ക് കോവിഡിന് ശേഷവും ജീവിതമുണ്ടെന്ന പ്രത്യാശ വളരും . അനുതാപത്തിന്റെയും പരോപകാരത്തിന്റെയും പുതിയ അദ്ധ്യായങ്ങൾ രചിക്കേണ്ട നാളുകളാണിത്. നന്മയുടെ എത്ര മാതൃകകൾ സമൂഹത്തിൽ ഉണ്ടാകുമെന്നതിനെ ആശ്രയിച്ചാകും പുനർജീവനം.
കൊറോണ വൈറസുമായുള്ള സഹജീവന നാളുകളിൽ തൊഴിൽ നഷ്ടം,വരുമാനത്തിലെ ഇടിവ് , കൂട്ടായ്മകൾ ഇല്ലാത്തത് കൊണ്ടുള്ള നൈരാശ്യം ഇങ്ങനെ പലതും വലിയ വിഷമങ്ങൾ ഉണ്ടാക്കും . സമാശ്വാസത്തിന്റേതായ സ്‌നേഹ സ്പർശം നിഷിദ്ധം .ആശ്ലേഷവും ഹസ്ത ദാനവും ,തോളിൽ തലോടലുമൊന്നും പറ്റില്ല. വിഷാദത്തിനു പൊട്ടി മുളയ്ക്കാനുള്ള വളക്കൂറുള്ള മണ്ണാണ് ഇത്. ഉറ്റവരിലോ ഉടയവരിലോ ഈ ലക്ഷണങ്ങൾ തല നീട്ടുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. രണ്ടാഴ്ചയിൽ അധികം നീളുന്ന സങ്കടഭാവങ്ങൾ തള്ളിക്കളയരുത് .ഒന്നിലും താൽപ്പര്യം കാട്ടാതെ ഉൾവലിയുന്നതും ,പ്രത്യാശ നഷ്ടമായ രീതിയിൽ വർത്തമാനം പറയുന്നതും അപായ സൂചനകളാണ് .എന്താണ് വിഷമമെന്ന് ചോദിക്കാനും ആ വിഷമങ്ങൾ കുറ്റപ്പെടുത്താതെ ക്ഷമയോടെ കേൾക്കാനുമുള്ള മനസുണ്ടാകണം .ദുഃഖം പെയ്‌തൊഴിയുവാനുള്ള സാഹചര്യം ഉണ്ടാക്കണം .ചിലർക്ക് മാനസികാരോഗ്യ സഹായം വേണ്ടി വരും . മറ്റു ചിലരെ അവർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം നൽകാനുള്ള സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ടി വരും .കോവിഡ് നാളുകളിൽ മനുഷ്യരെ തളർത്തുന്ന വിഷാദത്തെയും നേരിടണം. ശാരീരിക അകലം മനസുകൾ അടുക്കാൻ തടസമാകരുത്. മാസ്‌കുകൾ മനസിന്റെ ഭാവങ്ങൾക്കുള്ള മറയുമാകരുത്. മാസ്‌ക് ധരിച്ച മനുഷ്യർ ഉത്കൃഷ്ടമായ മനുഷ്വത്വത്തിലേക്ക് ഉയരട്ടെ . എന്നാൽ മാത്രമേ നമുക്ക് പിടിച്ചു നിൽക്കാനും കൂടുതൽ ശക്തിയോടെ കൂട്ടായി തിരിച്ചു കയറാനും സാധിക്കൂ .
ഒരു അനുഭവ കഥ
ഒരു ഇടത്തരം കോൺട്രാക്‌ടർ എന്നെ കാണാൻ വന്നു. ഉറക്കമില്ല. എന്താണ് പെട്ടെന്ന് ഉറക്കമില്ലാതാകാൻ കാരണമെന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
"കൊവിഡിന് മുൻപുള്ള കാലത്ത് തന്നെ എന്റെ ജീവിതം ബാറ്രറി ഡൗൺ ആയ വണ്ടി പോലെയായിരുന്നു ഡോക്‌ടറേ, അപ്പോഴാണ് കൊവിഡ് വന്നത് , പണികളെല്ലാം നിലയ്‌ക്കുകയും വല്ലാതെ കുറയുകയും ചെയ്‌തിരിക്കുന്നു. ഇപ്പോഴോ, നാല് ടയറും പഞ്ചറായ വണ്ടി പോലെയായി ജീവിതം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കുട്ടികൾക്ക് പുതിയ സ്‌കൂൾ വർഷത്തിൽ വരാനിരിക്കുന്ന ചെലവുകളെക്കുറിച്ച് ഓർക്കും, ബ്ളേഡ് പലിശക്കാരന് കൊടുക്കാനുള്ള പലിശയെക്കുറിച്ചും മുതലിനെക്കുറിച്ചും ഓർക്കും, ഇനി ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്ന വേവലാതി വരും. ഉറക്കം വരില്ല. "
മരുന്നിനൊപ്പം മറ്റ് ചില മാർഗങ്ങൾ കൂടി അദ്ദേഹത്തിന് വേണ്ടി ഞാൻ നിർദേശിച്ചു.
സമാന ദു:ഖങ്ങളിലൂടെ കടന്നു പോകുന്നവരുമായി കൂട്ടുചേരുക. മനസ് തുറക്കുക. ദു:ഖങ്ങൾ പങ്കുവയ്‌ക്കുക. ഈ ജോലി മാത്രമേ ചെയ്യൂ എന്ന് വാശിപിടിക്കാതെ വ്യത്യസ്തമായ രീതിയിൽ മറ്റ് വരുമാനമാർഗങ്ങൾ കൂടി കണ്ടെത്തുക. മനസ് തകർന്നാൽ ഇതൊന്നും സാധിക്കില്ലെന്ന് കൂടി ഓർക്കുക, ഈ സമയവും നമ്മൾ കടന്നുപോകും എന്ന് കൂടി പറഞ്ഞാണ് ഞാൻ അദ്ദേഹത്തെ യാത്രയാക്കിയത്.
(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ )