തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആറ്റുകാൽ ( 70-ാം വാർഡ് ), കുരിയാത്തി ( 73 -ാം വാർഡ് ), കളിപ്പാൻ കുളം ( 69 -ാം വാർഡ് ), മണക്കാട് ( 72 -ാം വാർഡ് ), ടാഗോർ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാർഡ്), പുത്തൻപാലം വള്ളക്കടവ്( 88 -ാം വാർഡ്) എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.
ജില്ലയിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം മാത്രം ഇത്തരത്തിലുള്ള രണ്ടുകേസുകളാണ് റിപ്പോർട്ടുചെയ്തത്. ഇതുവരെ പതിനഞ്ചുപേരാണ് ഉറവിടമറിയാതെ രോഗബാധിതരായത്. കഴിഞ്ഞദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നേരത്തെ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൂന്ന് ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഓട്ടോ ഡ്രൈവറിൽ നിന്ന് രോഗം പകർന്നവരുടെ എണ്ണം ആറായി. ഓട്ടോ ഡ്രൈവർ സഞ്ചരിച്ച പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച 869 സാമ്പിളുകളുടെ ഫലം കൂടി കിട്ടാനുണ്ട്. ഉറവിടമറിയാത്തതുൾപ്പെടെയുള്ള രോഗികളുടെ എണ്ണം കൂടിയതോടെ ജില്ലയിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.