saradakutty

മക്കൾക്ക് വരയ്ക്കാൻ അർദ്ധ നഗ്ന ശരീരം നൽകുകയും, ആ വീഡിയോ യൂട്യൂബിലടക്കം പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് എതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. അനുകൂലിക്കുന്നവരുടെ എണ്ണവും കുറവല്ല. രഹ്നയ്ക്ക് എതിരെ പൊലീസ് കേസെടുത്ത് കഴിഞ്ഞു.

അതിനിടെ രഹ്ന ഫാത്തിമയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി. കപട സമൂഹത്തോട് 'പോടാ പുല്ലേ' എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത് എന്ന് ശാരദക്കുട്ടി തുറന്നടിക്കുന്നു.കാര്യങ്ങളെ കുടുതൽ വിവേകത്തോടെ കാണാൻ ശ്രമിക്കണമെന്നൊരു പാഠം ഈ വിഷയത്തിലുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നാണം മറയ്ക്ക് പെയ്ന്റർ പെണ്ണേ''.. 'വാട്ട്?' ചിത്രകാരി ചോദിച്ചു. °മലയാളം'' ളൂയി വല്യപ്പുപ്പൻ പറഞ്ഞു. മലയാളം തലയിലോടിയതുപോലെ ചിത്രകാരി വേഗം കുളിമുറിയിൽ ചെന്ന് മുട്ടോളം വരുന്ന വെളുത്ത ഗൗൺ ധരിച്ച് ഇറങ്ങി വന്നു. അമൃതാ ഷെർഗിൽ കൊച്ചിയിലെത്തിയതും നഗ്നയായ ചിത്രകാരിയെ തൊണ്ണൂറുകാരൻ ളുയി വല്യുപ്പാപ്പൻ കണ്ടു പരിഭ്രമിച്ചതുമൊക്കെ 'ലന്തൻബത്തേരിയിലെ ലുത്തീനിയകൾ' എന്ന നോവലിൽ N. S. മാധവൻ എഴുതിയിട്ടുണ്ട്.ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസുകളിൽ ഒരുമിച്ച്, അടുത്തടുത്തിരുത്തി പഠിപ്പിക്കണമെന്ന് പറഞ്ഞാൽ ചൂലെടുത്തടിക്കാൻ വരുന്ന മലയാളി സമൂഹത്തിലാണ്...സ്ത്രീകൾ നല്ലതു ചെയ്താലും, ചീത്ത ചെയ്താലും, വിവാഹം ചെയ്താലും, വിവാഹം മോചിപ്പിച്ചാലും, പ്രണയിച്ചാലും പ്രണയിക്കാൻ മനസ്സില്ലെന്നു പറഞ്ഞാലും അവളുടെ ലൈംഗികാവയവങ്ങളെ നോക്കി ആഭാസം പറയുന്ന മലയാളിസമൂഹത്തിലാണ്...

ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം കുട്ടികൾക്ക് എന്നു പറയുമ്പോൾ അയ്യേ... ഇച്ചീച്ചി എന്നു പറയുന്ന മലയാളിസമൂഹത്തിലാണ്.... അമ്മയെ പൂജിക്കണമെന്നു പറയുന്ന അതേ നാവുകൊണ്ട്, സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയെടുത്ത്, ലോകത്തെ പെണ്ണുങ്ങളെ മുഴുവൻ തെറി പറയുന്ന മലയാളി സമൂഹത്തിലാണ്... കൗമാരക്കാരനായ മകൻ ഒളിച്ചുവെച്ച് പെണ്ണിന്റെ നഗ്നചിത്രങ്ങൾ ആസ്വദിക്കുന്നതു കണ്ടപ്പോൾ, അവന്റെ മുറി മുഴുവൻ സ്ത്രീയുടെ നഗ്നചിത്രങ്ങൾ ഒട്ടിച്ചു കൊടുത്ത മാധവിക്കുട്ടിയെ അപഹസിക്കുകയും, അവരുടെ ബുദ്ധിക്കു മുന്നിൽ തലകുനിക്കാതെ തരമില്ല എന്നു വന്ന ഘട്ടത്തിൽ തലയിലെടുത്തു വെക്കുന്നതായി അഭിനയിക്കുകയും ചെയ്ത കപട മലയാളി സമൂഹത്തിലാണ്...

കുചോന്നതേ.. എന്നും മദാലസാം മഞ്ജുള വാഗ്വിലാസാ എന്നും സംഗീതമപി സാഹിത്യം സരസ്വത്യാ സ്തന ദ്വയം... എന്നും 'ഭഗ'വതീ, സു'ഭഗേ'... എന്നും പ്രാർഥിക്കുന്ന മലയാളി സമൂഹത്തിലാണ്.. ട്രാൻസ്ജെൻഡേഴ്സിന്റെ വികാരങ്ങളെ മാനിക്കാൻ എത്ര വൈകിയ ഒരു മലയാളി സമൂഹത്തിലാണ്. പെൺകുട്ടികളുടെയും അവരുടെ അമ്മമാരുടെയും വേഷങ്ങളെക്കുറിച്ചു തല പുകഞ്ഞിത്തോളം സമയം മറ്റെന്തെങ്കിലും തല പുകക്കാൻ മിനക്കെടാത്ത മലയാളി സമൂഹത്തിലാണ്... ആ സമൂഹത്തോട് 'പോടാ പുല്ലേ' എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്... അതിനുള്ള ധൈര്യമെനിക്കില്ല. നമ്മളിൽ പലർക്കുമില്ല. മൂടാൻ പറയുമ്പോൾ മൂടുകയും അഴിക്കാൻ പറയുമ്പോൾ അഴിക്കുകയും മാത്രം ചെയ്യുന്നവർ ഇതേ കുറിച്ചെന്തു പറയുന്നു എന്നതു ശ്രദ്ധിക്കേണ്ടതുമില്ല.ഈ വിഷയത്തെ, ഞാൻ ജനിച്ചു വളർന്ന കാലത്തിന്, ഞാൻ പരിശീലിച്ച ശരീര-സംസ്കാര ബോധ്യങ്ങൾക്ക് പിടി തരാത്ത ഒന്നായതു കൊണ്ട് കൂടുതൽ പേരുടെ അഭിപ്രായങ്ങളെ വായിക്കുകയും മനസ്സിലാക്കുകയും, കൂടുതൽ പഠിക്കുകയും ചെയ്യുകയാണ്. എന്തായാലും ഞാനുൾപ്പെടെ പലർക്കും ആദ്യമുണ്ടായ വിറയൽ മാറിയിട്ടുണ്ട് .കാര്യങ്ങളെ ഇനിയുമിനിയും കൂടുതൽ വിവേകത്തോടെ കാണാൻ ശ്രമിക്കണമെന്നൊരു പാഠം ഈ വിഷയത്തിലുണ്ട്. എനിക്കു മനസ്സിലാകാത്തതൊന്നും ആർക്കും മനസ്സിലാകരുതെന്നു ശഠിക്കാൻ പാടില്ലല്ലോ''.