ശ്രീകാകുളം : കൊവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം സുരക്ഷാ നടപടികൾ വേണ്ടപോലെ പാലിക്കാതെ മണ്ണുമാന്തി യന്ത്രത്തിൽ കയറ്റി ശ്മശാനത്തിലേക്കു കൊണ്ടുപോയി.ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ സംഭവം വൈറലായതോടെ രണ്ട് ഉദ്യോഗസ്ഥരെ അധികൃതർ സസ്പെൻഡ് ചെയ്തു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പലാസ സ്വദേശിയായ 72കാരനാണ് കൊവിഡ് ബാധിച്ചു മരിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മരിച്ചവിവരം അറിയിച്ചപ്പോൾ വീട്ടിൽ നിന്നും ശ്മശാനത്തിലേക്കു കൊണ്ടുപോകുവാൻ അധികൃതർ തന്നെയാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നതെന്ന് നാട്ടുകാർ പറയുന്നു. പിപിഇ കിറ്റ് ധരിച്ച അധികൃർ ഈ സമയം സമീപമുണ്ടായിരുന്നു.
Utterly shocked to see the deceased bodies of #Coronavirus victims wrapped in plastic & transported on JCBs & Tractors. They deserve respect & dignity even in death. Shame on @ysjagan Govt for this inhumane treatment of the mortal remains pic.twitter.com/BobjAdIZC8
— N Chandrababu Naidu #StayHomeSaveLives (@ncbn) June 26, 2020
മരിച്ചയാളുടെ ബന്ധുക്കളാരും തന്നെ മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാൻ തയ്യാറാകാത്തതിലാണ് ഇങ്ങനെയൊരു സാഹസത്തിന് ഉദ്യോഗസ്ഥർ മുതിർന്നതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡികളിൽ പ്രചരിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻമോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഥലത്തെ മുനിസിപ്പൽ കമ്മീഷണർ, സാനിറ്ററി ഇൻസ്പെക്ടർ എന്നിവരെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.