തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ബെവ്കോ ആപ്പ് പ്രകാരമുള്ള മദ്യവിതരണത്തിൽ ക്രമക്കേടുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന. ബെവ്കോ ആപ്പിലൂടെയുളള മദ്യവിതരണം തുടക്കം മുതൽ നിരവധി ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ആപ്പ് മുഖാന്തിരമുള്ള ബുക്കിംഗുകളിൽ ഏറിയ പങ്കും ബാറുകൾക്ക് മാത്രമായി ലഭിക്കുന്നുവെന്നതായിരുന്നു അതിൽ പ്രധാനം.
ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റുകളിൽ ആപ്പ് മുഖാന്തിരം ബുക്ക് ചെയ്ത് മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു.ഇത് ബിവറേജസ് വിൽപ്പനശാലകളുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബാറുകൾ വഴിയുള്ള മദ്യവിതരണം പരിശോധിക്കാൻ എക്സൈസ് എത്തിയത്. ബെവ്കോ വെർച്വൽ ക്യൂ ആപ്പ് മുഖാന്തിരം മദ്യം വാങ്ങാനെത്തുന്നവർക്ക് അനുവദിച്ച ബാറിൽ നിന്ന് തന്നെയാണോ മദ്യംവാങ്ങുന്നത്, അനുവദനീയമായ അളവിൽ കൂടുതൽ മദ്യം വിതരണം ചെയ്യുന്നുണ്ടോ, ബാറുകൾ മുഖാന്തിരമുള്ള വിതരണത്തിൽ സെക്കന്റ്സോ വിലകുറഞ്ഞ മദ്യമോ ഉൾപ്പെടുന്നുണ്ടോ, പിൻവാതിൽ വിതരണം പോലുള്ള നിയമവിരുദ്ധ നടപടികളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കപ്പെടുന്നത്. മദ്യം വാങ്ങാനെത്തിയവരിൽ നിന്നും വെർച്വൽ ആപ്പിന്റെ ബുക്കിംഗ് രേഖകൾ എക്സൈസ് പരിശോധിച്ചു. മാസ്ക് ധരിക്കാതെ മദ്യം വാങ്ങാനെത്തിയ ചിലർക്കെതിരെ പൊലീസ് സഹായത്തോടെ നടപടിയെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ, അബ്കാരി ചട്ടപ്രകാരമുള്ള മറ്റ് നിബന്ധനകൾ എന്നിവയുടെ ലംഘനവും പരിശോധിച്ചുവരികയാണ്. പരിശോധനയിൽ സംസ്ഥാനത്തെങ്ങുനിന്നും കാര്യമായ അബ്കാരി കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടില്ല.