banking-

ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ ദിനംപ്രതി വർദ്ധിച്ച് വരികയാണ്. മൊബൈൽ റീച്ചാർജ് മുതൽ കറന്ര് ബിൽ വരെയുള്ള പണമിടപാടുകൾ ഡിജിറ്റലായാണ് അധികപേരും ചെയ്യുന്നത്. ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് സമയവും പണവും ലാഭിക്കാൻ കഴിയും. ഓൺലൈൻ ബാങ്കിംഗിന് നേട്ടങ്ങൾക്കൊപ്പം നിരവധി പോരായ്മകളുമുണ്ട്. ഓൺലൈൻ പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളിതാ...

പാസ്‌വേർഡുകൾ

ബാങ്കിംഗ് ഇടപാടുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു ഘടകമാണ് പാസ്‌വേർഡുകൾ. കഴിയുന്നത്ര ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ച് വേണം ഇത് സൃഷ്ടിക്കാൻ. കൂടാതെ വലിയക്ഷരവും ചെറിയ അക്ഷരങ്ങളും സംയോജിപ്പിച്ച് പാസ്‌വേർഡ് ചെയ്യുന്നത് കൂടുതൽ ഗുണകരമാണ്. മറ്റുള്ലവർക്ക് ഊഹിക്കാൻ കഴിയാത്ത, എന്നാൽ നിങ്ങൾ മറക്കാത്ത പാസ്‌വേർഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പാസ്‌വേർഡ് സൃഷ്ടിക്കുമ്പോൾ ജന്മദിനങ്ങൾ, വിളിപ്പേരുകൾ, വണ്ടിയുടെ നമ്പർ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. മൂന്ന് മാസത്തിലൊരിക്കലെങ്കിലും പാസ്‌വേർഡ് മാറ്റുക

സാമ്പത്തിക ഇടപാടുകൾക്ക് നെറ്റ് കഫേ ആശ്രയിക്കാതിരിക്കുക

ഓൺലൈൻ ബാങ്കിംഗ് നടത്തുമ്പോഴും ഓൺലൈൻ അക്കൗണ്ടുകളിലേയ്ക്ക് പ്രവേശിക്കുമ്പോഴും സ്വന്തം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. നെറ്റ് കഫേയിലോ പബ്ലിക് വൈഫൈ ഉപയോഗിച്ചോ ഓൺ‌ലൈൻ പണമിടപാടുകൾ നടത്തരുത്. കൂടാതെ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴിയുള്ള പണമിടപാടിന് ശേഷം ലോഗൗട്ട് ചെയ്യാനും മറക്കരുത്. കൂടാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്രയിൽസും ഒരിക്കലും ആരോടും പങ്കിടരുത്.

ഇ-മെയിൽ അലേർട്ടുകൾ ഡിലീറ്റ് ചെയ്യുക

ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ അയയ്ക്കുന്ന ഇമെയിൽ അലേർട്ടുകളും അപ്‌ഡേറ്റ് ലിങ്കുകളും ക്ലിക്കുചെയ്ത് അക്കൗണ്ട് ലോഗിൻ ചെയ്യരുത്. നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും നൽകി ഐഡന്റിറ്റി പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഇമെയിലുകളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും ഇമെയിൽ വഴി ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല.

ആന്റി വൈറസ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റു ചെയ്യുക

വെെറസ്സുകൾ വഴി വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ആന്രിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇല്ലാത്ത ഡിജിറ്രൽ ഉപകരണങ്ങളിൽ അത് ഇൻസ്റ്റാൾ ചെയ്യുക. കൂടാതെ സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും സുരക്ഷിതമായി അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കുക. നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്ന ധാരാളം ആന്റി വൈറസുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യാം.

ക്ളിയർ കാഷ്, കുക്കീസ്, ഹിസ്റ്ററി

ബ്രൗസറിലൂടെ ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പാൾ നിങ്ങളുടെ വിവരങ്ങളും, ട്രാൻസാക്ഷൻ ഹിസ്റ്ററിയുമെല്ലാം കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണിലും ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇതിൽ നിന്നും നിങ്ങളുടെ ബാങ്കിംഗ് ഡീറ്റയിൽസ് മറ്റൊരാൾക്ക് എളുപ്പത്തിൽ ലഭിക്കും. അതിനാൽ പണമിടപാടുകൾക്ക് ശേഷം ഹിസ്റ്ററിയും കുക്കീസും ക്ളിയർ കാഷും ചെയ്യാൻ മറക്കരുത്.