ജീവിതത്തിൽ ആദ്യമായിട്ട് സംഭവിക്കുന്ന അനുഭവങ്ങളെല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. പലരും ആ ആദ്യാനുഭവങ്ങൾ എത്രകാലം കഴിഞ്ഞാലും മറക്കാതെ ഓർത്തിരിക്കുകയും ചെയ്യും. അതുപോലെ തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി കനിഹ. 18ാം വയസിലാണ് താരം ആദ്യമായി ഫോട്ടോഷൂട്ട് ചെയ്യുന്നത്. മിസ് ചെന്നൈ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ഇത്. അന്ന് വളരെ അസ്വസ്ഥയായിരുന്നെന്നും, എന്നാൽ തന്റെ ചിരി മാത്രം സ്വാഭാവികമായി വന്നു എന്നുമാണ് താരം പറയുന്നത്. ആരാധകരോട് ഇതുപോലുള്ള ഓർമ്മകൾ പങ്കുവയ്ക്കാനും കനിഹ ആവശ്യപ്പെടുന്നു.
കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
'എനിക്ക് പതിനെട്ട് വയസുള്ളപ്പോൾ , മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാൻ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നിൽ നിൽക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയിൽ കെട്ടുന്നതുമെല്ലാം ആദ്യമായായിരുന്നു. എന്നാൽ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല.ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്പളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ആ ഓർമ്മകൾ മുറുകെപിടിച്ച് പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കിൽ എന്നോടും പറയുക. തീർച്ചയായും അവ ഞാൻ വായിക്കും. കനിഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.