ലണ്ടൻ : ക്രിക്കറ്റ് പഴയ ക്രിക്കറ്റല്ല ; പുരുഷ കേന്ദ്രീകൃതമായ രീതിയിൽ നിന്ന് സ്ത്രീകൾക്ക് കൂടി പ്രാധാന്യം നൽകിത്തുടങ്ങിയിരിക്കുന്നു. പുരുഷന്മാരുടെ മത്സരങ്ങൾക്കൊപ്പം തന്നെ പ്രാധാന്യം വനിതാമത്സരങ്ങൾക്കും നൽകുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് നിയമങ്ങളുടെ കാര്യക്കാരായ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) പ്രസിഡന്റ് സ്ഥാനത്തേക്കു ചരിത്രത്തിലാദ്യമായി ഒരു വനിത എത്തുന്നു.
എം.സി.സിയുടെ 233 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അധ്യക്ഷയാകുന്ന വനിത മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ ക്ലെയർ കോണറാണ്. ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാരയാണു നിലവിലെ പ്രസിഡന്റ്. അദ്ദേഹം അടുത്ത വർഷം സ്ഥാനമൊഴിയുമ്പോൾ ക്ലെയർ സ്ഥാനമേൽക്കും.
ഇപ്പോൾ ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ വനിതാ ക്രിക്കറ്റിന്റെ ചുമതലയുള്ള മാനേജിങ് ഡയറക്ടറാണു ക്ലെയർ. 2011 മുതൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) വനിതാ ക്രിക്കറ്റ് കമ്മിറ്റി അധ്യക്ഷയുമാണ്. കഴിഞ്ഞ ദിവസം നടന്ന വാർഷിക യോഗത്തിൽ സംഗക്കാരയാണു പ്രസിഡന്റ് സ്ഥാനത്തേക്കു നാൽപത്തിമൂന്നുകാരിയായ ക്ലെയറിന്റെ പേരു നിർദേശിച്ചത്.
1995ൽ ഇംഗ്ലണ്ട് വനിതാ ടീമിൽ അരങ്ങേറ്റം കുറിച്ച ക്ളെയർ ഇടംകൈ സ്പിന്നറായിരുന്നു. 1999ൽ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിൽ ഹാട്രിക് നേടി. 2000ത്തിൽ ഇംഗ്ളണ്ട് ടീം ക്യാപ്ടനായി.2006ലാണ് കളിക്കളത്തിൽ നിന്ന് വിരമിച്ചത്.ഇംഗ്ളണ്ടിനായി 16 ടെസ്റ്റുകളും 93 ഏകദിനങ്ങളും രണ്ട് ട്വന്റി-20കളും കളിച്ചിട്ടുണ്ട്.
‘ഇതിലും വലിയ ആദരം എനിക്കു കിട്ടാനില്ല. എന്റെ ജീവിതമാകെ മാറ്റിമറിച്ചത് ക്രിക്കറ്റാണ്. ’
– ക്ലെയർ കോണർ