ചെടികളുടെ സംരക്ഷണത്തിനും മികച്ച വിളവ് ലഭിക്കുന്നതിനും ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു കാണാറുണ്ട്. എന്നാൽ മികച്ച വിളവ് ലഭിക്കുന്നതിനും, അണുനാശിനികളെ ഒഴിവാക്കുന്നതിനും ഗുണകരമായൊരു വളക്കൂട്ട് തയ്യാറാക്കിയാലോ? അഞ്ച് കിലോ പച്ചച്ചാണകം, രണ്ടു കിലോ കടലപ്പിണ്ണാക്ക്, ഒരു കിലോ വേപ്പിന്‍പ്പിണ്ണക്ക്, അഞ്ച് കിലോ അസോള അല്ലെങ്കില്‍ ശീമക്കൊന്ന ഇല എന്നിവ ബാരലില്‍ ഇട്ട്, അല്‍പ്പം വെള്ളം ഒഴിച്ച് ചെറുതായി ഇളക്കി രണ്ട് ദിവസം അടച്ച് വെക്കുക. ശേഷം കുറച്ചധികം വെള്ളമൊഴിച്ച് മൂന്ന് ദിവസം അടച്ച്‌വയ്ക്കുക. ഇത്രയും ദിവസങ്ങള്‍കൊണ്ട് ഈ മിശ്രിതം അലിഞ്ഞ് കുഴമ്പ് രൂപത്തിലാവും. നന്നായി ഇളക്കി ആവശ്യാനുസരണം ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട വിധം
ഈ വളം രണ്ട് രീതിയില്‍ ഉപയോഗിക്കാൻ കഴിയും. കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുക. അല്ലെങ്കില്‍ കുഴമ്പ് രൂപത്തിലുള്ള മിശ്രിതം അരക്കപ്പ് വീതം പച്ചക്കറി തടത്തില്‍ ചുറ്റുമൊഴിച്ചതിനു ശേഷം മണ്ണ് വിതറുക. തുടര്‍ന്ന് വെള്ളം ഒഴിക്കുക. ഇങ്ങനെ പത്ത് ദിവസത്തിലൊരിക്കൽ ചെയ്താൽ ചെടികളില്‍ പെട്ടെന്ന് തഴച്ച് വളരും. കൂടാതെ മികച്ച വിളവ് ലഭിക്കാനും ഈ വളം ഗുണം ചെയ്യും.