pm-mdi

കോട്ടയം: കൊവി​ഡി​നെതി​രായ പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർദ്ധി​ച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പൊലീത്തയുടെ നവതി ആഘോഷ ചടങ്ങ്‌ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി​.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമർപ്പിച്ച ജീവിതമാണ്‌ ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പൊലീത്തയുടേതെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി, ദേശീയ ഐക്യത്തിന് സഭ നൽകുന്ന സേവനം മഹത്തരമാണെന്നും, സ്വാതന്ത്ര്യസമരത്തിലും സഭ വലിയ സംഭാവന നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും മോദി വീഡിയോ കോൺഫറൻസിൽ വ്യക്തമാക്കി"ജനങ്ങളുടെ ജീവിതത്തിന് നേരെയുളള ഭീഷണിയാണ് കൊവി​ഡ്. ഇതി​നെതി​രായ പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ലോക്ക് ഡൗൺ ഉൾപ്പടെ സർക്കാർ എടുത്ത പ്രതിരോധ നടപടികൾ ഗുണം ചെയ്തു. വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടു. ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടി​ക്കൊണ്ടി​രി​ക്കുകയാണ്.എന്നാൽ വൈറസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. കൂടുതൽ ജാഗ്രത പുലർത്തണം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈകഴുകുക തുടങ്ങിയ കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് " - പ്രധാനമന്ത്രി പറഞ്ഞു.