ലാഹോർ : താരങ്ങളുടെ ആരോഗ്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത അശ്രദ്ധയാണ് കാണിച്ചതെന്ന് മുൻ ക്യാപ്ടൻ ഇൻസമാമുൽ ഹഖ്. ഇംഗ്ലണ്ട് പര്യടനത്തിന് തിരഞ്ഞെടുത്ത 29 അംഗ സംഘത്തിലെ പത്തുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇൻസമാമിന്റെ വിമർശനം.
കളിക്കാർക്ക് രോഗം വരാതിരിക്കാനുള്ള സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്വം ബോർഡിന് ഉണ്ടായിരുന്നു . ഇത്രയേറെപ്പേർക്ക് രോഗം വന്ന പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിൽക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കഴിഞ്ഞില്ല. പ്രതിസന്ധി ഘട്ടത്തിൽ പാക് ക്രിക്കറ്റ് ബോർഡ് പിന്തുണ നൽകുന്നില്ലെന്നാണ് പരിശോധനാഫലം പോസിറ്റീവായ താരങ്ങൾ പറയുന്നതെന്നും ഇൻസമാം ആരോപിച്ചു. രോഗബാധിതരായ താരങ്ങളുടെ ഫോൺകോളുകൾ ക്രിക്കറ്റ് ബോർഡിന്റെ മെഡിക്കൽ സ്റ്റാഫ് അവഗണിക്കുകയാണ്. ഇതെല്ലാം തികച്ചും മോശം സമീപനമാണ്.' ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇൻസമാം വ്യക്തമാക്കി. പോസിറ്റീവ് ആയ താരങ്ങളെ ഐസോലേഷനായി വീടുകളിലേക്ക് അയക്കുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സൗകര്യമൊരുക്കണമായിരുന്നെന്നും ഇൻസമാം ചൂണ്ടിക്കാട്ടുന്നു.
മുൻ നായകൻ മുഹമ്മദ് ഹഫീസ് ബോർഡിന്റെ ടെസ്റ്റിൽ പോസിറ്റീവായതും സ്വന്തം നിലയിൽ പരിശോധന നടത്തി നെഗറ്റീവായതും ഇൗ വാർത്ത പുറത്തുവന്നപ്പോൾ ബോർഡ് വീണ്ടും ടെസ്റ്റ് നടത്തിച്ച് പോസിറ്റീവാണെന്ന് അറിയിച്ചതും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ബോർഡിൽ താരങ്ങൾക്ക് വിശ്വാസം പോരെന്നതിന്റെ തെളിവാണ് ഹഫീസ് പ്രൈവറ്റ് ടെസ്റ്റ് നടത്തിയതിലൂടെ തെളിഞ്ഞതെന്ന് ഇൻസമാം കൂട്ടിച്ചേർത്തു.മറ്റ് താരങ്ങളും പ്രൈവറ്റ് പരിശോധന നടത്തിയാൽ പോസിറ്റീവായ പലരും നെഗറ്റീവാകുമെന്നും ഇൻസമാം പറഞ്ഞു.