കൊവിഡ് വന്നതോടെ പലരുടേയും തൊഴിലിടങ്ങൾ സ്വന്തം വീടുകൾ തന്നെയാണ്. അതുപോലെ വർക്ക് ഫ്രം ഹോം ആക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും. മുംബയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന്റെ ബാൽക്കണിയിലാണ് ഷാരൂഖ് സിനിമാ സെറ്റൊരുക്കിയിരിക്കുന്നത്. വലിയ ക്യാമറകളും, ലൈറ്റും ഫ്രെയിമിട്ട താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലോക് ഡൗണിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി കൺസേർട്ട്, ലൈവ് വീഡിയോസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ ഷാരൂഖ് ഖാൻ ചെയ്തിരുന്നു. 'സബ് സഹി ഹോ ജായേഗ' എന്ന ഗാനം പാടി ചിത്രീകരിച്ചിരുന്നു. 2018ൽ റിലീസായ 'സീറോ' ആണ് ഷാരൂഖിന്റെതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. തുടർച്ചയായി ഷാരൂഖ് ചിത്രങ്ങൾ ബോക്‌സോഫീസിൽ പരാജയപ്പെട്ടതോടെ ഇനി അടുത്തൊന്നും സിനിമ ചെയ്യില്ലെന്നാണ് ഷാരൂഖ് ഖാൻ പ്രഖ്യാപിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ചെയ്യാൻ പോവുന്ന ചിത്രമേതാണ് എന്ന കാര്യത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആരാധകരും കാത്തിരിപ്പിലായിരുന്നു. എന്നാൽ കാത്തിരിപ്പിന് അവസാനമെന്നോണം ഷാരൂഖ് ഖാൻ സംവിധായകൻ രാജ്കുമാർ ഹിറാനിയുമായി ഒരുമിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ആമിർ ഖാന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളായ ത്രീ ഇഡിയറ്റ്‌സും പികെയും ഒരുക്കിയത് രാജ്കുമാർ ഹിറാനിയാണ്.