arrest

തിരുവനന്തപുരം: വട്ടപ്പാറയിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലാഭവനിൽ രാജേഷ് കുമാറെന്ന പ്രദീപിനെ (32) പൊലീസ് അറസ്റ്റ് ചെയ്തത്.

ആര്യയെ വിവാഹം കഴിക്കുമ്പോൾ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. വിവാഹം കഴിച്ചശേഷം പ്രദീപുമായി ആര്യ ആദ്യഭാര്യയെച്ചൊല്ലി നിത്യവും വഴക്കിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നിരന്തരമുള്ള വഴക്കിനെ തുടർന്ന് കുറച്ചുനാളായി ആര്യയും ഇരട്ടകളായ മക്കളും അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മൂന്നാഴ്ച മുമ്പ് രാത്രിയിൽ ആര്യയുടെ വീട്ടിലെത്തി രാജേഷ് ബഹളം വച്ചു. നിരന്തരം ഫോണിൽകൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ആര്യയുടെ കുട്ടികളുടെ കരച്ചില്‍ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കുമ്പോഴാണ് അവശനിലയിൽ ആര്യയെ കാണുന്നത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ആദ്യഭാര്യയുമായി ബന്ധം വേർപെടുത്താതെ പുനർ വിവാഹം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനാഫലം വന്നശേഷം ഇയാളെ ജയിലിലേക്ക് റിമാൻഡ് ചെയ്യുമെന്ന് പൊലീസ് വെളിപ്പെടുത്തി.