ഇസ്ലാമാബാദ്: സിഖ് തീർത്ഥാടകർക്കായി കർതാർപൂർ ഇടനാഴി തിങ്കളാഴ്ച മുതൽ തുറക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസമായി പാകിസ്ഥാൻ ഇടനാഴി അടച്ചിട്ടിരിക്കുകയായിരുന്നു. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാർഷിക ദിനത്തിലാണ് തുറക്കാൻ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ആരാധനാലയങ്ങളെല്ലാം തുറന്ന സ്ഥിതിക്ക് കർതാർപൂർ അടച്ചിട്ടതുകൊണ്ട് കാര്യമില്ല.
സിഖ് തീർത്ഥാടകർക്ക് ഇവിടെ വരാം. തിങ്കളാഴ്ച ഇടനാഴി തുറക്കാനുള്ള സന്നദ്ധത ഇന്ത്യയെ അറിയിക്കുന്നതായും ഖുറേഷി പറഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനക്കുമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാനിലെ കർതാർപൂർ സാഹിബ് ഗുരുദ്വാര ഇടനാഴി കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.