കഴിഞ്ഞ രാത്രി മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ലിച്ചെയെ കീഴടക്കി
സെരി എയിൽ യുവന്റസിന് ഏഴ് പോയിന്റ് ലീഡ്
പെനാൽറ്റിയിലൂടെ വീണ്ടും ഗോളടിച്ച് ക്രിസ്റ്റ്യാനോ റാെണാൾഡോ
ടൂറിൻ : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ലിച്ചെയ്ക്കെതിരെ അനായാസ വിജയം നേടിയ യുവൻറസ് ഇറ്റാലിയൻ സെരി എ ഫുട്ബാൾ ലീഗിൽ ഏഴ് പോയൻറ് ലീഡോടെ ഒന്നാം സ്ഥാനത്തു തുടരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ തന്റെ 23ാം- ഗോൾ സ്കോർ ചെയ്ത മത്സരത്തിൽ 4-0ത്തിനായിരുന്നു യുവൻറസിൻെറ വിജയം. പൗളോ ഡിബാല, ഗോൺസാലോ ഹിഗ്വൈൻ, മത്യാസ് ഡി ലിറ്റ് എന്നിവരും ചാമ്പ്യൻ ക്ളബിനായി സ്വന്തം മൈതാനത്തിൽ ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ ഫാബിയോ ലൂസിയോണി ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെത്തുടർന്ന് പത്തുപേരുമായാണ് ലിച്ചെ മത്സരം പൂർത്തിയാക്കിയത്.
ആദ്യ പകുതി ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് യുവന്റസ് നാലുഗോളുകളും നേടിയത്. തുടക്കത്തിൽ റൊണാൾഡോയും ഫെഡറികോ ബെർണാദേഷിയും ഗോളവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു.53- ാം മിനിട്ടിൽ ഡിബാല ഗോൾവേട്ടക്ക് തുടക്കമിട്ടു. 62-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ പെനാൽറ്റിയിലൂടെ ഗോൾ നേടി. 83- ാം മിനിട്ടിലായിരുന്നു ഹിഗ്വെയ്ന്റെ ഗോൾ. 85- ാം മിനിട്ടിൽ മാത്തിസ് ഡി ലിറ്റ് പട്ടിക തികച്ചു. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ പെനാൽറ്റി പാഴാക്കുക വഴി വിമർശനങ്ങൾ കേട്ടിരുന്ന ക്രിസ്റ്റ്യാനോ ഗോളടിച്ചും അടിപ്പിച്ചും കളിക്കളത്തിൽ നിറഞ്ഞുനിന്ന മത്സരമായിരുന്നു ഇത്.
കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനക്കാരായ ലാസിയോ അറ്റലാൻറയോട് 3-2ന് തോറ്റതോടെയാണ് മൗറീസിയോ സാറിക്കും സംഘത്തിനും ഏഴ് പോയൻറ് ലീഡ് നേടാനായത്. തുടർച്ചയായ ഒമ്പതാം സെരി എ കിരീടം ലക്ഷ്യം വെച്ച് കുതിക്കുന്ന യുവൻറസിന് 28 മത്സരങ്ങളിൽ നിന്നും 69 പോയിൻറുണ്ട്. 27മത്സരങ്ങളിൽ നിന്ന് 62 പോയിൻറുമായാണ് ലാസിയോ പിറകിലുള്ളത്. ചൊവ്വാഴ്ച ജനോവക്കെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.
ഗോളുകൾ ഇങ്ങനെ
1 - 0
53-ാം മിനിട്ട്
പൗളോ ഡിബാല
മദ്ധ്യനിരയിൽ നിന്ന് പന്തുമായി വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ പാസാണ് ഡിബാല തകർപ്പനൊരു ഇടംകാലനടിയിലൂടെ വലയുടെ മുകൾമൂലയ്ക്കുള്ളിലെത്തിച്ചത്.
2-0
62-ാം മിനിട്ട്
ക്രിസ്റ്റ്യാനോ
ബോക്സിനുള്ളിൽ തന്നെ ഫൗൾ ചെയ്തിട്ടതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ നിസാരമായി വലയിലാക്കുകയായിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പെനാൽറ്റിയിൽ നിന്ന് ഗോൾനേടുന്നത്.
3-0
83-ാം മിനിട്ട്
ഹിഗ്വെയ്ൻ
ക്രിസ്റ്റ്യാനോ പുറംകാലുകൊണ്ട് വളരെ സുന്ദരമായി നൽകിയ പാസ് ഡിഫൻഡറുടെ കാലിൽത
ട്ടിയത് പിടിച്ചെടുത്തായിരുന്നു ഹിഗ്വെയ്ന്റെ ഗോൾ
4-0
85-ാം മിനിട്ട്
മാത്തിസ് ഡിലിറ്റ്
ഡഗ്ളസ് കോസ്റ്റ് ബോക്സിനുള്ളിലേക്ക് മറിച്ച ഒരു ഷോർട്ട് കോർണർ തലകൊണ്ട് കുത്തി വലയ്ക്കകത്താക്കുകയായിരുന്നു ഡി ലിറ്റ്.
50
ഹോംഗ്രൗണ്ടിൽ യുവന്റസിനായി ഡിബാല 50 ഗോളുകൾ തികച്ചു
20
സെരി എയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ സ്കോർ ചെയ്യുന്ന എതിരാളികളുടെ എണ്ണം. പോർച്ചുഗീസ് സൂപ്പർതാരം ലീഗിൽ ഇതുവരെ നേരിട്ടത് 21 ടീമുകളെയാണ്.