ജയ്‌പുർ: കൊവിഡ് ഭേദമാക്കാനുള്ള മരുന്നുമായി ഇറങ്ങിയ ബാബ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാൽകൃഷ്ണ എന്നിവരടക്കം അഞ്ച് പേർക്കെതിരെ ജയ്‌പുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പതഞ്ജലിയുടെ ആയുർവേദ മരുന്ന് പ്രചരിപ്പിച്ച് ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് കൊറോണിൽ എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവ്, ആചാര്യ ബാൽകൃഷ്ണ, ശാസ്ത്രജ്ഞൻ അനുരാഗ് വർഷ്നി, നിംസ് ചെയർമാൻ ബൽബീർ സിംഗ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം കേന്ദ്ര സർക്കാർ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നൽകുന്നത് നിറുത്തിവയ്ക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കമ്പനിയോട് നിർദേശിച്ചു.
'കൊറോണിൽ ആൻഡ് സ്വാസരി'എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് മാദ്ധ്യമങ്ങളോടു പറഞ്ഞത്. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.