അഡിസ് അബെബ: ഒരു കൊറോണ വൈറസ് രോഗിയുടെ തിരിച്ചുവരവ് അത്ഭുതത്തോടെ നോക്കിക്കാണുകയാണ് എത്യോപ്യൻ ഡോക്ടർമാർ. കാരണം ആ രോഗിയുടെ പ്രായം 'കുറഞ്ഞത് 100 വയസാണ്.
അബാ ടിലാഹുൻ വോൾഡെമൈക്കലിന് 114 വയസുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യൻ എന്ന റെക്കാഡിന് വരെ ഉടമയായേക്കാവുന്ന വ്യക്തി. പക്ഷേ, ഈ പ്രായം തെളിയിക്കുന്നതിനുള്ള ജനന സർട്ടിഫിക്കറ്റ് വോൾഡെമൈക്കലിന്റെ പക്കലില്ല. പൊതുവെ 80 വയസിനു മുകളിലുള്ളവർക്ക് കൊറോണ വൈറസ് അത്യന്തം അപകടകരമായാണ് ബാധിക്കുക. വോൾഡെമൈക്കലിന്റെ കാര്യത്തിലും ഡോക്ടർമാർക്ക് ഈ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി. രോഗം ഭേദമായി ചെറുമകനൊപ്പം തന്റെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഇദ്ദേഹം. എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്റ്റ്യൻ പുരോഹിതൻ കൂടിയാണ് വോൾഡെമൈക്കൽ. ആശുപത്രി കിടക്കയിൽ തന്റെ ആരോഗ്യത്തിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചെന്നും രാജ്യത്തെ എല്ലാ മനുഷ്യരുടെയും ആരോഗ്യം തിരികെ ലഭിക്കാനായി ദൈവത്തോട് കരഞ്ഞ് അപേക്ഷിച്ചതായും വോൾഡെമൈക്കൽ പറയുന്നു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബെബയിലും സമീപ പ്രദേശങ്ങളിലും നടത്തിയ റാൻഡം പരിശോധനയ്ക്കിടെയാണ് വോൾഡെമൈക്കലിന് കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തിയത്. വോൾഡെമൈക്കലിന് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വോൾഡെമൈക്കൽ മരുന്നുകളോട് വളരെ വേഗത്തിൽ പ്രതികരിക്കാൻ തുടങ്ങിയതായി ഡോക്ടർമാർ പറയുന്നു. വോൾഡെമൈക്കലിന്റെ പ്രായം കണക്കിലെടുത്ത് പ്രത്യേക സംഘം അദ്ദേഹത്തെ സസൂഷ്മം നിരീക്ഷിക്കുകയും ചെയ്തിരുന്നു.
കൊറോണ വൈറസ് വാർഡിൽ അഡ്മിറ്റ് ചെയ്ത നാലാം ദിവസത്തോടെ വോൾഡെമൈക്കലിന്റെ നില വഷളായിത്തുടങ്ങി. ശ്വസന സഹായത്തിനായി ഓക്സിജൻ ഘടിപ്പിച്ചു. 14 ദിവസമാണ് വോൾഡെമൈക്കൽ ആശുപത്രിയിൽ ചിലവഴിച്ചത്. ഒരാഴ്ചയിലേറെയായി ശ്വസനോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു വോൾഡെമൈക്കൽ കഴിഞ്ഞത്. ആന്റി ബയോട്ടിക്കുകളും ആന്റി ഇൻഫ്ലമേറ്ററി മരുന്നായ ഡെക്സാമെത്തസോണുമാണ് വോൾഡെമൈക്കലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ സഹായിച്ചത്. കൊറോണ വൈറസ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ തുടരുന്ന എത്യോപ്യയിൽ ഇതേവരെ 5,425 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89 പേർ മരിച്ചു. ഏപ്രിൽ മാസത്തിലാണ് എത്യോപ്യയിൽ രാജ്യ വ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്കൂളുകളും മറ്റും അടഞ്ഞു കിടക്കുകയാണ്. കൂട്ടം കൂടലുകളും കായിക മത്സരങ്ങളും നിരോധിച്ചിരിക്കുകയാണ്.
വോൾഡെമൈക്കലിന് 114 വയസുണ്ടെന്നത് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വോൾഡെമൈക്കലിന് തീർച്ചയായും 100 ലേറെ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതർ അദ്ദേഹത്തിന് 109 വയസുള്ളതായി കണക്കാക്കുന്നതായി പറയുന്നു.