uzbekistan

മാസങ്ങൾക്ക് ശേഷം സാധാരണ ജീവിത്തിലേക്കുള്ള മടങ്ങിവരവിലാണ് ലോകം. വിനോദ സഞ്ചാരമേഖലയും മടങ്ങി വരവിന്റെ പാതയിലാണ്. സഞ്ചാരികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും വിമാനടിക്കറ്റിൽ ഇളവുകൾ നൽകിയും ഏറ്റവും പുതിയ ഓഫറുകളുമായാണ് ടൂറിസം മേഖല എത്തുന്നത്. എന്നാൽ വേറിട്ടൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ഉസ്ബെക്കിസ്ഥാൻ. ഈ രാജ്യം സന്ദർശിക്കുമ്പോൾ കൊവിഡ് വൈറസ് ബാധയേറ്റാൽ 3000 ഡോളറാണ് ആ വ്യക്തിക്ക് സർക്കാർ ധനസഹായമായി നല്കുക എന്നതാണ് ഇവിടത്തെ ഏറ്റവും പുതിയ വാർത്ത.

കൊവിഡ് പ്രതിസന്ധിയിൽ തളർന്നു പോയ ടൂറിസം മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സേഫ് ട്രാവൽ ഗ്യാരൻ്റീഡ് എന്ന ക്യാമ്പയിന്റെ ഭാഗമാണിത്. ഈ നിർദ്ദേശത്തിൽ പ്രസിഡന്റ് ഷാവ്‌കത് മിർസിയോയേവ് ഒപ്പുവെച്ചു. തങ്ങളുടെ രാജ്യം സന്ദർശിക്കുമ്പോൾ ആർക്കും കൊവിഡ് വൈറസ് ബാധയേൽക്കില്ല എന്ന ഉറച്ച വിശ്വാസമാണ് ഉസ്ബെക്കിസ്ഥാൻ സർക്കാരിനുള്ളത്. അതുകൊണ്ടു തന്നെയാണ് ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇങ്ങനെയൊരു ഓഫർ വച്ചിരിക്കുന്നത്.

മൂവായിരം ഡോളറിന്റെ ആനുകൂല്യം ലഭിക്കുവാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. രാജ്യം ചുറ്റിക്കറങ്ങുന്നത് ഒരു പ്രാദേശിക ഗൈഡിനൊപ്പം ആയിരിക്കണം. വൈറസിനെതിരെയുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഗൈഡുകൾ ഹോട്ടലുകൾ, ടൂറിസ്റ്റ് സൈറ്റുകൾ തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പ്രാദേശിക സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.