മുണ്ടക്കയം: പതിനഞ്ചുകാരിയായ പെൺകുട്ടിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിലെ കേസ് അന്വേഷണത്തിൽ വൻ വഴിത്തിരിവ്. പ്രായപൂർത്തിയാവാത്ത ഈ പെൺകുട്ടികളെ നാല് പേർ ചേർന്ന് പലയിടങ്ങളിലെത്തിച്ച് പിഡിപ്പിച്ചെന്ന് കുട്ടികളെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഒരാൾ പൊലീസിന് മൊഴി നൽകി. തുടർന്ന് മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുൽ രാജ് എന്നിവരെ പൊലീസ് പിടികൂടി. സംഘത്തിലുള്ള ഒരാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടുകാർ വഴക്കു പറഞ്ഞതുകൊണ്ടാണ് മരിക്കാൻ ശ്രമിച്ചതെന്നായിരുന്നു കുട്ടികൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ചില ആൺകുട്ടികളുമായുള്ള ബന്ധം കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന് പെൺകുട്ടിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റിലായവർ അടക്കം നാലുപേർ കഴിഞ്ഞ ഒരു വർഷത്തിനിടെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തറിയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.