bike

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് പ്രശസ്തരല്ലാത്ത അനേകം പ്രതിഭകൾ സോഷ്യൽ മീഡിയയിലൂടെ വെെറലായിരുന്നു. ഫേസ്ബുക്ക് വഴിയും, യൂട്യൂബ് വഴിയും നിരവധി പേരാണ് സ്വന്തം കഴിവുകൾ തെളിയിച്ചുള്ള വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായൊരു പന്തയത്തിന്രെ കഥയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

കൊല്ലം ആറുമുറിക്കടയ്ക്ക് സമീപം ചെക്കാലമുക്കിലാണ് സംഭവം. ഒറ്റക്കാലിൽ ഒരു മണിക്കൂർ അനങ്ങാതെ നിൽക്കുക എന്നതാണ് പന്തയം, സമ്മാനമാകട്ടെ ഒരു ബൈക്കും. ചെക്കാലമുക്കിൽ സൗണ്ട്സ് നടത്തുന്ന ഷിബുവാണ് ഇറച്ചിക്കട ജീവനക്കാരനായ അഖിലിനെ പന്തയത്തിന് ക്ഷണിച്ചത്. ഒരു മണിക്കൂർ നേരം നിശ്ചലമായി ഒറ്രക്കാലിൽ നിന്നാൽ സമ്മാനമായി സ്വന്തം ബൈക്ക് നൽകാം എന്നായിരുന്നു ഷിബുവിന്രെ വാഗ്ദാനം. അഖിൽ ഈ ചാലഞ്ച് ഏറ്റെടുത്തു.

മത്സരം പുരോഗമിച്ചതോടെ സമീപത്തുള്ള നിരവധി പേർ അഖിലിനെ പരാജയപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടത്തി. ചിലർ പൊലീസ് വരുന്നെന്നും മറ്റ് ചിലർ തമാശ പറഞ്ഞും ഗോഷ്ടി കാണിച്ചും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം ഒരു മണിക്കൂർ തികച്ചപ്പോൾ പറഞ്ഞ വാക്കു പാലിച്ച് ഷിബു അഖിലിന് സ്വന്തം ബൈക്ക് നൽകി. സി പി ഐ ചെക്കാലമുക്ക് ലോക്കൽ സെക്രട്ടറി ബഷീർക്കുട്ടി ബൈക്കിന്റെ താക്കോൽ അഖിലിന് കൈമാറി.