kenya

നെയ്റോബി : കെനിയയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച മോട്ടോർ സൈക്കിൾ ടാക്സി ഡ്രൈവർമാറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിലെ ലെസോസ് നഗരത്തിലാണ് സംഭവം. പ്രതിഷേധക്കാർക്കിടയിലേക്ക് പൊലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ ഉന്നത പൊലീസ് വൃത്തങ്ങൾ ഉത്തരവിട്ടു. കൊവിഡിന്റെ പേരിൽ പൊലീസ് അനാവശ്യമായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുവെന്ന പേരിൽ രാജ്യത്തുടെനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

മാസ്ക് ധരിക്കാതിരുന്ന ഒരു മോട്ടോർ ബൈക്ക് ഡ്രൈവറെ പൊലീസുകാർ മർദ്ദിക്കുന്നതും, 50 കെനിയൻ ഷില്ലോഗ് കൈക്കൂലി ചോദിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സംഘം ആളുകൾ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചു. തർക്കം രൂക്ഷമാകുകയും, സംഘത്തിലുണ്ടായിരുന്ന 40 വയസുകാരനായ ചെരുപ്പുകുത്തിയ്ക്ക് നേരെ പൊലീസ് വെടിവച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ തത്ക്ഷണം മരിച്ചു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന മോട്ടോർ സൈക്കിൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ള വൻ സംഘം പൊലീസിന് നേരെ പ്രതിഷേധവുമായെത്തി. നൂറുകണക്കിന് ഗ്രാമീണർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും വൻ സംഘർഷത്തിനിടെയാക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് പേർ കൂടി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

കൊവിഡ് വ്യാപനം തടയാൻ മാർച്ച് അവസാനത്തോടെ രാജ്യത്ത് കർഫ്യൂ നിലവിൽ വന്നിരുന്നു. ജൂൺ ആദ്യവരം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കർഫ്യൂ കാലയളവിൽ നിയന്ത്രണങ്ങൾ ലംഘിച്ച 15 പേർ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. നേരത്തെ വീടിന്റെ ബാൽക്കണിയിൽ നിൽക്കവെ 13 വയസുകാരനും പൊലീസിന്റെ വെടിയേറ്റ് മരിക്കുകയുണ്ടായി. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്ന് ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ കെനിയക്കാർ തങ്ങളുടെ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരതകൾക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനമായ നെയ്റോബിയിൽ ഉൾപ്പെടെ ഒഴിഞ്ഞ ശവപ്പെട്ടികളുമായി ആളുകൾ തെരുവിലിറങ്ങി. 5,533 പേർക്കാണ് കെനിയയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 137 പേർ മരിച്ചു.