ടോക്കിയോ: കൊവിഡ് ലോകത്ത് 'മാസ്ക്" ഒഴിച്ചുകൂടാനാവാത്ത സുരക്ഷാ ആവരണമായി മാറിക്കഴിഞ്ഞു. കെട്ടും മട്ടും മാറ്റി ഏറ്റവും നൂതനമായ മാസ്കുകൾ ഇറക്കുകയെന്നതാണ് കമ്പനികളുടെ ലക്ഷ്യം. ഈ ട്രെൻഡിന്റെ ഭാഗമായി ജപ്പാനിലെ ഡൊനട്ട് റൊബോട്ടിക്സ് എന്ന കമ്പനി ഇറക്കിയ ഇ -മാസ്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പ്ലാസ്റ്റിക്കിൽ തീർത്ത ഈ വൈറ്റ് മാസ്ക് ബ്ലൂ ടൂത്ത് വഴി ഫോണുമായി ബന്ധിപ്പിക്കാം. ഇതിലൂടെ ടെക്സ്റ്റ് മെസേജുകൾക്കും, കോളുകൾക്കും മറുപടി നൽകാം. ഒപ്പം ജാപ്പനീസ് സന്ദേശങ്ങളെ ഏഴു ഭാഷകളിലേക്ക് ട്രാൻസിലേറ്റ് ചെയ്ത് കേൾപ്പിക്കാനും ഈ സ്മാർട്ട് മാസ്കിന് (സി-മാസ്ക്) സാധിക്കും. നേരത്തെ ടോക്കിയോ വിമാനത്താവളത്തിന് വേണ്ടി ഒരു ട്രാൻസിലേറ്റർ റോബോട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളിലായിരുന്നു ഈ കമ്പനി. എന്നാൽ കൊവിഡ് ഭീതിയിൽ ലോകത്തിലെ വ്യോമഗതാഗതം താറുമാറായതോടെ ഈ പ്രോജക്ട് അനിശ്ചിതത്വത്തിലായി. ഇതിനെ തുടർന്നാണ് കൊവിഡിനെ നേരിടുന്ന സമൂഹത്തിന് ഉപകരിക്കുന്ന ഒരു ഉപകരണം നിർമ്മിക്കുക എന്ന ആശയം ഉണ്ടായതെന്ന് കമ്പനി സി.ഇ.ഒ ടെസൂക്കി ഓനോ പറയുന്നു.
സെപ്തംബറോടെ ജപ്പാനിൽ 5,000 സി-മാസ്കുകൾ വിപണിയിൽ എത്തിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിനൊപ്പം ചൈന, അമേരിക്ക, യൂറോപ്പ് വിപണികളിലെ സാദ്ധ്യതകളും ഇവർ തേടുന്നുണ്ട്. 40 ഡോളറാണ് ഒരു മാസ്കിന് നിശ്ചയിച്ചിരിക്കുന്ന വില.