punjab-ias-ips-couple

ചണ്ഡിഗഢ്: പഞ്ചാബിന്റെ പൊതുഭരണം ഐ.എ.എസ് - ഐ.പി.എസ് ദമ്പതിമാരുടെ കൈകളിൽ. സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ഇന്നലെ ചുമതലയേറ്റു. ഇവരുടെ ഭർത്താവ് ദിൻകർ ഗുപ്തയാണ്‌ സംസ്ഥാന ഡി.ജി.പി

1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ വിനി മഹാജൻ,​ കരൺ അവ്താർസിംഗിന് പകരം വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്‌. അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്നു വിനി.

കരൺ അവ്താർ സിംഗിനെ സ്‌പെഷ്യൽ ചീഫ് സെക്രട്ടറിയായും അമരീന്ദർസിംഗ് സർക്കാർ നിയമിച്ചു.

പഞ്ചാബിൽ ആദ്യമായാണ് സിവിൽ - പൊലീസ് ഭരണനേതൃത്വത്തിൽ ഐ.എ.എസ്- ഐ.പി.എസ് ദമ്പതിമാരെത്തുന്നത്. 1987 ലെ ഐ.പി.എസ് ബാച്ച് ഉദ്യോ​ഗസ്ഥനായ ദിൻകർ ​ഗുപ്തയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസ് മേധാവി പദവിയിൽ നിയോ​ഗിച്ചത്.

എക്‌സൈസ് നയം സംബന്ധിച്ച് കോൺഗ്രസ് മന്ത്രിമാരുമായി ഭിന്നതയുണ്ടായിരുന്ന കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അമരീന്ദർസിംഗിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു.
1995ൽ പഞ്ചാബിൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഐ.എ.എസ് ഓഫീസർ കൂടിയാണ് വിനി മഹാജൻ.

ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. 2005- 2012 കാലയളവിൽ മുൻപ്രധാനമന്ത്രി മൻമോഹൻസിം​ഗിന്റെ ഓഫീസിലും വിനി മഹാജൻ സേവനമനുഷ്ഠിച്ചിരുന്നു. ധനകാര്യം, വ്യവസായം, വാണിജ്യം, ടെലികോം, ഐ.ടി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യകാലത്തും അതിനുശേഷവും ഇന്ത്യയുടെ ആഭ്യന്തര നടപടികൾ സമന്വയിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പ്രധാന ടീമിന്റെ ഭാഗമായിരുന്നു അവർ.

പിതാവ് ബി.ബി മഹാജൻ പഞ്ചാബ് കേഡറിലെ ഐ.എ.എസ് ഉദ്യോ​ഗസ്ഥനായിരുന്നു. കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയായാണ് വിരമിച്ചത്.