ഡ്യുക്കാട്ടിയുടെ ഓഫ്‌റോഡ് ശേഷി കൂടിയ അഡ്വഞ്ചർ ടൂററാണ് മൾട്ടിസ്ട്രാഡ 1260 എൻഡ്യൂറോ ഇന്ത്യൻ വിപണിയിലെത്തുന്നു. ഇപ്പോഴുള്ള മൾട്ടിസ്ട്രാഡ 1200 എൻഡ്യൂറോയ്ക്ക് പകരക്കാരനായി പുത്തൻ മൾട്ടിസ്ട്രാഡ 1260 എൻഡ്യൂറോ വിപണിയെ കീഴടക്കും. നൂതന എഞ്ചിൻ സൗകര്യങ്ങൾ,ഇലക്ട്രോണിക് സംവിധാനങ്ങൾ തുടങ്ങി അടിമുടി മാറ്റം വരുത്തിയാണ് പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ബിഎംഡബ്ല്യു R1250 GS, ട്രയംഫ് ടൈഗർ 1200 XCx എന്നിവയാണ് ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 1260 എൻഡ്യൂറോയുടെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ. രണ്ടു നിറങ്ങളിൽ ലഭ്യമാണ്. നിറത്തിനനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. ഡ്യുക്കാട്ടി റെഡിന് 19.99 ലക്ഷം രൂപയും, ഡ്യുക്കാട്ടി സാൻഡിന് 20.23 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
1,262 സിസി ശേഷിയുള്ള ടെസ്റ്റാസ്‌ട്രെറ്റ ഡിവിറ്റി (ഡ്യുക്കാട്ടി വേരിയബിൾ ടൈമിങ്) എഞ്ചിനാണ് മൾട്ടിസ്ട്രാഡ 1260 എൻഡ്യൂറോയുടെ ഹൃദയം. 3,500 rpm -ൽത്തന്നെ എൺപത്തഞ്ചു ശതമാനം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എഞ്ചിൻ. 9,500 rpm -ൽ 156 bhp കരുത്തും 7,500 rpm -ൽ 127 Nm torque -മാണ് ബൈക്കിന്റെ1.2 ലിറ്റർ എഞ്ചിന്റെ പരമാവധി. കാസ്റ്റ് അലോയ് വീലുകളുള്ള സാധാരണ മൾട്ടിസ്ട്രാഡ 1260 -യിൽ നിന്നും വ്യത്യസ്ഥമായി പുതിയ മൾട്ടിസ്ട്രാഡ 1260 എൻഡ്യൂറോയ്ക്ക് വയർ സ്‌പോക്ക് വീലുകളാണുള്ളത്. മുൻവീലിന് 19 ഇഞ്ച് വലുപ്പമുണ്ട്. 17 ഇഞ്ചാണ് പിൻ വീലിന്റെ വലുപ്പം . റൈഡ് ബൈ വയർടെക്‌നോളജിക്കൊപ്പമാണ് ബൈക്കിനെ ഡ്യുക്കാട്ടി ആവതരിപ്പിക്കുന്നത്.
സ്‌പോർട്, ടൂറിംഗ്, അർബൻ, എൻഡ്യൂറോ എന്നിങ്ങനെ നാല് റൈഡിങ് മോഡുകളുണ്ട്. ബൈക്കിന് മുന്നിലും പിന്നിലും ഇലക്ട്രോണിക് സെമി ആക്ടിവ് സാക്ക്‌സ് സസ്‌പെൻഷന്‍ യൂണിറ്റുണ്ട്. 30 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കിന്റെ പശ്ചാത്തലത്തില്‍ 450 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാൻ മൾട്ടിസ്ട്രാഡ 1260 എൻഡ്യൂറോയ്ക്ക് കഴിയും. കയറ്റങ്ങളിൽ പിന്തുണയേകാൻ പ്രത്യേക വെഹിക്കിൾ ഹോൾഡ് കൺട്രോൾ സംവിധാനവും ബൈക്കിൽ സജ്ജമാക്കിയിട്ടുണ്ട്. ബൈക്കിലെ ടിഎഫ്ടി ഡിസ്‌പ്ലേയുടെ വലുപ്പം 5.0 ഇഞ്ചാണ്. 15,000 കിലോമീറ്റർ ഇടവേളയിലാണ് ബൈക്കിലെ ഓയിൽ മാറ്റേണ്ടത്.