വാഷിംഗ്ടൺ: ചൈനീസ് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വിസ വിലക്കേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ ഭരണകൂടം. ഹോംങ്കോഗിന്റെ സ്വാതന്ത്ര്യം ഇല്ലാതാകുന്ന സുരക്ഷാ നിയമം പാസാക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെയാണ് അമേരിക്കയുടെ നടപടി. ഹോങ്കോംഗ് സുരക്ഷാ നിയമം കൊണ്ടുവരുന്നതിൽ ഉത്തരവാദിത്തമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ഹോങ്കോംഗ് ജനതയുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. ഇതിന് ഉത്തരവാദികളായ എല്ലാവർക്കും അമേരിക്ക വിലക്കേർപ്പെടുത്തും - യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. അടുത്തയാഴ്‍ച ചേരുന്ന ചൈനീസ് പാർലമെന്റ് സമ്മേളനത്തിൽ ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമം പ്രാബല്യത്തിലാക്കുമെന്നാണ് കരുതുന്നത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നതിനിടെയാണ് ചൈനയ്‍ക്കെതിരായ നടപടികൾ ശക്തമാക്കുന്നത്. കൊവിഡ് വ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കയിൽ ചൈനയ്‍ക്കെതിരായ വികാരം ശക്തമാകുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് അമേരക്കൻ ഭരണകൂടത്തിന്റെ നടപടി.