പ്രക്യതിയോട് വളരെ ഇണങ്ങി ജീവിക്കാൻ കഴിയുന്ന വീടുകളാണ് പരിസ്ഥിതി സൗഹൃദ വീടുകൾ അഥവാ ഹരിത വീടുകൾ.വേനൽക്കാലത്തെ അധിക ചൂടിന്റെയും വരൾച്ചയുടെയും സാഹചര്യത്തിൽ ഹരിത വീടുകൾക്ക് ഏറെ പ്രധാന്യമുണ്ട്.ജല സ്വയം പര്യാപ്തതയ്ക്കായി ഹരിത വീട് സാധ്യമായതെല്ലാം ചെയ്യും എന്നതാണ് ഈ പ്രസക്തി വര്‍ധിപ്പിക്കുന്ന ഘടകം. വീടുകൾ പരിസ്ഥിതി സൗഹൃദമായാൽ മാത്രം പോരാ പ്രവർത്തികളും അതിന് യോജിച്ചതാവണം.
പ്രകൃതിക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രകൃതിയെ അനാവശ്യമായി നശിപ്പിക്കാതെയും ഭവനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുക എന്നത് വലിയ കാര്യമാണ്.മഴവെള്ളം കിണറിലേക്ക് നിറയ്ക്കുക,വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, വെള്ളത്തെ പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തണം.അടുക്കള മാലിന്യം സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് സംവിധാനമോ ടോയ്ലറ്റ് ബന്ധിത ബയോഗ്യാസ് പ്ലാന്റോ സ്ഥാപിക്കുക.മാലിന്യ സംസ്‌കരണത്തില്‍ നിന്നും ലഭിക്കുന്നവയിൽ ജൈവ വളം കൂടി ഉപയോഗപ്പെടുത്തി ലഭ്യമായ സ്ഥലത്ത് ജൈവ കൃഷി നടത്തുക.ധാന്യങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം മുതലായവ കഴുകിയ വെള്ളം അടുക്കളത്തോട്ടം നനക്കാന്‍ ഉപയോഗിക്കുക.
മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ വൈദ്യുതോത്പാദന സംവിധാനങ്ങള്‍ ഒരുക്കുക.ചെലവ് കൂടും എന്നതിനാലാണ് പലരും സോളാർ പാനലുകൾക്ക് നേരേ മുഖം തിരിക്കുന്നത്.എന്നാൽ ദീർഘകാല ഉപയോഗത്തിന് ഇത് അനുയോജ്യമാണ്.സോളാര്‍ പാനലുകള്‍ ഏഴ് മുതല്‍ 20 വര്‍ഷം വരെ ഉപയോഗിക്കാൻ സാധിക്കും.നിങ്ങളുടെ വീടിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഊർജ്ജ കാര്യക്ഷമമായ ബള്‍ബുകൾ ഉപയോഗിക്കുകയാണ്. ബള്‍ബുകള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു മാത്രമല്ല,പരിസ്ഥിതിയെ സഹായിക്കുമ്പോള്‍ നിങ്ങള്‍ക്ക് പണവും ലാഭിക്കാൻ കഴിയുന്നു.ഇവയെല്ലാം പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്നവയാണ്.