ramdev

ജയ്‌പൂർ: കൊവിഡിന് ആയുർവേദ മരുന്ന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ട പതഞ്ജലിയുടെ സ്ഥാപകൻ ബാബ രാംദേവ്, സ്ഥാപനത്തിന്റെ സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ എന്നിവരടക്കം അഞ്ച് പേർക്കെതിരെ ജയ്‌പൂർ പൊലീസ് കേസെടുത്തു. ഇവർ പുറത്തിറക്കിയ 'കൊറോനിൽ' കൊവിഡ് ഭേദമാക്കുമെന്ന് വ്യാജപ്രചാരണം നടത്തിയെന്നാണ് കേസ്.

ഇവർക്കുപുറമേ, ശാസ്ത്രജ്ഞൻ അനുരാഗ് വർഷ്‌നി, ജയ് പൂരിലെ സ്വാശ്രയ മെഡിക്കൽ യൂണിവേഴ്സിറ്റിയായ നിംസിന്റെ ചെയർമാൻ ബൽബീർ സിംഗ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവരാണ് പ്രതികൾ. ഇവരുടെ ആശുപത്രിയിൽ മരുന്ന് പരീക്ഷിച്ചെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.

നിംസിൽ മരുന്ന് പരീക്ഷിച്ചിട്ടില്ലെന്ന് ചെയർമാൻ വ്യക്തമാക്കി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുണ്ടായിരുന്നില്ല. പ്രകടമായ ലക്ഷണങ്ങളില്ലാത്ത 100 പേർക്ക് നേരിയതോതിൽ പതഞ്ജലിയുടെ ആയുർവേദ മരുന്നുകൾ നൽകിയിരുന്നു. കൊവിഡിനുള്ള മരുന്ന് വികസിപ്പിച്ചകാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. പിന്നാലെ കേന്ദ്രം വിശദീകരണം തേടി. പരസ്യം നിറുത്തി വയ്ക്കണമെന്നും അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ നിർദേശിച്ചു.

ഗവേഷണം നടത്തി വികസിപ്പിച്ച മരുന്ന് 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.