രംഗം 1.
കാലത്തിന്റെ ക്യാന്‍വാസുകളില്‍ അര്‍ത്ഥവത്തായ ജീവിതചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ദൈവത്തിന്റെ കൈകള്‍ അദൃശ്യമായി എത്താറുണ്ട്. എന്നും നിറപുഞ്ചിരിയോടെ താന്‍ കണ്ടതും കേട്ടതും മറ്റുള്ളവര്‍ക്ക് ഒരു പാഠപുസ്തകമായി പകര്‍ന്നുനല്കിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ വ്യക്തിത്വമാണ് ബാബു പിഷാരടി എന്ന ബാബുനാരായണന്‍. എന്റെ ഈ എഴുത്തുകള്‍ മനസ്സില്‍ കുറിച്ചിട്ട് ഏറെ നാള്‍ ആയി. ഞങ്ങളുടെ ബന്ധത്തിന്റെ ജീവിതയാത്രയ്ക്ക് ഒരുപാട് 'ദൂരമുണ്ട് ബന്ധമുണ്ട്' ബാബുവേട്ടന്‍ എന്നും ഒപ്പമുണ്ടാവുമല്ലോ പിന്നെ എന്തിന് എഴുതണം എന്നതുകൊണ്ട് ഇതുവരേയും മനസ്സില്‍ കുറിച്ചു വയ്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ ബാബുവേട്ടന്റെ വിയോഗത്തിനുശേഷം ഒരു അതിജീവനത്തിന്റെ കഥ എന്ന പുസ്തകത്തിലേയ്ക്ക് ചേര്‍ക്കുമ്പോള്‍ അഗാധമായ ഗര്‍ത്തങ്ങളില്‍ വീണുപോയവന്റെ നൊമ്പരവും പേറികൊണ്ടാണ്. 2014-ലാണ് ഒരു നീണ്ട ഇടവേളയ്ക്കുശേഷം 'നൂര്‍ വിത്ത് ലൗ' എന്ന ബാബുവേട്ടന്റെ ചലച്ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് കടക്കുന്നത്. തികച്ചും സന്തോഷവാനായി തന്റെ ഈ ചലച്ചിത്രം മലയാള സിനിമയില്‍ തങ്ങളുടെ മുമ്പത്തെ ചിത്രങ്ങളേപ്പോലെ (അനില്‍ബാബു ചിത്രങ്ങള്‍) സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടസിനിമയായിരിക്കും എന്ന വിശ്വാസം ബാബുവേട്ടനുണ്ടായിരുന്നു. കോഴിക്കോട് ഷൂട്ടിംഗ് തീരുമാനിച്ച് രണ്ടാഴ്ച മുമ്പ് ബാബുവേട്ടന്‍ വെറുതെ ഒരു മെഡിക്കല്‍ ചെക്കപ്പ് ചെയ്തിരുന്നു. അപ്പോഴാണ് ബാബുവേട്ടന് ക്യാന്‍സറിന്റെ നാമ്പുകള്‍ തന്റെ ശരീരത്തിലേയ്ക്ക് പടരുന്നത് കണ്ടെത്തിയത്. ആരും തകര്‍ന്നുപോകുന്ന ഈ അവസ്ഥയില്‍ ബാബുവേട്ടന്‍ തന്റെ മനസ്സിനെ സ്വയം ബലപ്പെടുത്തി ഈ ചിത്രത്തിന്റെ ചിത്രീകരണവുമായി മുന്നോട്ട് പോകുകതന്നെ. കോടികള്‍ ചിലവാക്കി ഒരു നിര്‍മ്മാതാവ് ഒരു ചിത്രം തുടങ്ങേണ്ടിവരുമ്പോള്‍ അയാളുടെ ടെന്‍ഷന്‍ എന്തെന്ന് കൃത്യമായി അറിയാമായിരുന്നു. തന്റെ എല്ലാ വേദനകളേയും സ്വയം ഉള്ളിലൊതുക്കി നിറപുഞ്ചിരിയോടെ നേരിട്ട് ആ സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ടുപോയി. ഇതെല്ലാം കൃത്യമായി സാധിച്ചത് ബാബുവേട്ടന്റെ നിഴല്‍പോലെ നിന്ന പ്രിയ പത്‌നി ജ്യോതിചേച്ചിയുടെ പൂര്‍ണ്ണ പിന്തുണയോടുകൂടിയായിരുന്നു. രോഗവും അതിന്റെ പ്രതിസന്ധിഘട്ടങ്ങളും സഹിച്ച് ആ ചിത്രീകരണം പൂര്‍ത്തിയാക്കി. ചികിത്സയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അദ്ദേഹം ഒരു സര്‍ജ്ജറിക്ക് വിധേയനാകേണ്ടി വന്നു. പിന്നെ പിന്നെ ബാബുവേട്ടന്‍ തന്റെ രോഗത്തെ അതിജീവിച്ച് മുന്നോട്ടുള്ള പ്രയാണത്തിന് ആക്കംകൂട്ടി.
രംഗം 2
2015 ഒരു ജൂലായ് മാസം 10-ാം തിയ്യതിയാണ് എനിക്ക് പെട്ടെന്ന് സുഖമില്ലാതെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ജീവിതത്തിന്റെ അതുവരെയുള്ള കാലത്തിന്റെ ശേഷിപ്പുകളായിരുന്നു രോഗാവസ്ഥയുടെ കാരണക്കാരന്‍. പാന്‍ക്രിയാസില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കുറച്ചു നാളത്തെ ചികിത്സയ്ക്കുശേഷമാണ് ഞാന്‍ മറ്റൊരു സത്യം മനസ്സിലാക്കുന്നത്. എനിക്ക് കരള്‍ രോഗമാണെന്നും മനുഷ്യന്റെ എല്ലാ ആന്തരികമായ പ്രവര്‍ത്തനങ്ങളേയും കാര്‍ന്നു തിന്നുന്ന മഹാവിപത്ത് എന്റെ തോളില്‍ ഒരു വേതാളത്തെ പോലെ സഹയാത്രികനാവുന്നത്. കാര്യകാരണങ്ങളെല്ലം പലവട്ടം ചിന്തിച്ചു. എങ്കിലും ഈ വിപത്തില്‍ നിന്ന് കരകയറണമെന്ന ദൃഢവിശ്വാസം എന്നില്‍ ഞാന്‍ തന്നെ രൂപപ്പെടുത്തി. വേദനയുടേയും സഹനത്തിന്റേയും ഈ നാളുകള്‍ എത്ര എഴുതിയാലും തീരില്ല. എങ്കിലും ആ തിരിച്ചറിവുകള്‍ തന്നെയാണ് ഇന്നും മുന്നോട്ടു നയിക്കുന്നതിന് സഹായകമായിട്ടുള്ളത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ഇടയില്‍ നിന്നും മരണത്തിന്റെ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും പാതി വഴിയില്‍ വച്ച് ദൈവവിളിയുടെ കാഠിന്യം കൊണ്ട് ഒരു നേര്‍വഴി തുറന്നുതന്നു. കേരളത്തിലെ കരള്‍രോഗ ചികിത്സയ്ക്കുള്ള ഏറ്റവും നല്ല ഹോസ്പിറ്റലായിരുന്ന എറണാകുളത്തെ പി.വി.എസ്. ഹോസ്പിറ്റലിലെ ഡോ.മാത്യൂ ഫിലിപ്പിന്റെ കൈകളിലേയ്ക്ക് എത്തിപ്പെടാന്‍ സഹായിച്ചു. ദൈവദൂതനായിരുന്നു പി.വി.എസ്. ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോ തലവന്‍ ഡോക്ടര്‍ മാത്യൂ ഫിലിപ്പ് അദ്ദേഹം എന്നെ ചികിത്സിപ്പിച്ചു. അദ്ദേഹത്തിന്റെ ഒരു മകനെപോലെയാണ് എന്നെ കണ്ടത്. എന്നെ മോനെ എന്നാണ് കണ്ട നാള്‍ മുതല്‍ വിളിക്കുന്നത്. ഒരു അതികായനായി നിറപുഞ്ചിരിയോടെ മുന്നില്‍ വന്നുനിന്ന് നിന്റെ അസുഖമെല്ലാം മാറ്റിയെടുക്കാം എന്നുപറഞ്ഞ് എന്നോടൊപ്പം ഏറെ നേരം അദ്ദേഹം ചിലവഴിക്കുമായിരുന്നു. അദ്ദേഹത്തിന്റെ 3 മാസത്തെ ചികിത്സ കൊണ്ട് എന്റെ ആരോഗ്യസ്ഥിതിയില്‍ എന്തെന്നില്ലാത്ത പുരോഗതി ഉണ്ടായി. വീണ്ടും ഞാന്‍ എന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്ന ദൃഢനിശ്ചയം എന്നില്‍ തന്നെ വളരെ പ്രതീക്ഷ നല്കി. മനുഷ്യന്റെ രോഗാവസ്ഥകള്‍ ഒരു നേരം നമ്മെ സന്തോഷിപ്പിക്കുകയും മറ്റൊരു നേരം വിഷമിപ്പിക്കുകയും ചെയ്യും. പെട്ടെന്നാണ് ഒരു ദിവസം പി.വി.എസ്. ഹോസ്പിറ്റലിലെ ചികിത്സയ്ക്കുള്ളില്‍ എന്റെ ലംഗ്‌സില്‍ ചെറിയ ഇന്‍ഫെക്ഷന്‍ കണ്ടുതുടങ്ങിയത്. വിലയേറിയ ടെസ്റ്റുകള്‍ക്ക് ഞാന്‍ വിധേയനാകേണ്ടി വന്നു. ടാപ്പിംഗ് എന്ന മെഡിക്കല്‍ പ്രക്രിയയ്ക്ക് ഞാന്‍ വിധേയനാകേണ്ടി വന്നു. (ഒരു നേര്‍ത്ത സൂചികൊണ്ട് പുറംഭാഗത്ത് ലംഗ്‌സിന്റെ ഉള്ളില്‍ നിന്ന് വെളളം കുത്തി എടുക്കുന്നു). എന്നെ വീണ്ടും രോഗാവാസ്ഥയുടെ ഗുരുതരാവസ്ഥയില്‍ വക്കില്‍ എത്തിച്ചു. പിന്നീട് കാരണം കണ്ടെത്തി തൃശ്ശൂരിലെസ്വകാര്യ ആശുപത്രിയിലെ ചികിത്സയെതുടര്‍ന്ന് ഗുരുതരാവാസ്ഥയില്‍ വെള്ളം കെട്ടി നിന്നത് കരളില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കിയിരുന്നു. കാര്‍ന്നു തിന്നുന്ന രോഗം എന്ന മഹാവിപത്ത് പുതിയ രൂപത്തില്‍ എന്റെ ശരീരത്തില്‍ പ്രവേശിച്ചിരുന്നു. പിന്നീട് ലംഗ്‌സില്‍ ഇന്‍ഫെക്ഷനെ തുടര്‍ന്ന് മൂന്നുപ്രാവശ്യം അതില്‍ നിന്ന് രക്ഷനേടാനുള്ള എല്ലാ ട്രീറ്റുമെന്റുകളും ചെയ്തു. പക്ഷേ ലംഗ്‌സില്‍ ഇന്‍ഫെക്ഷന്‍ കൂടുതല്‍ ശക്തിയോടെ സംഹാരതാണ്ഡവമാടി. വീണ്ടും എന്റെ കരളിനെ കൂടുതല്‍ തകരാറിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ലംഗ്‌സില്‍ ഈ നില തുടര്‍ന്നാല്‍ എന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ ഡോ.മാത്യൂ ഫിലിപ്പിന്റെ മുഖത്ത് നിഴലിച്ച ഭാവം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. പി.വി.എസ്. ഹോസ്പിറ്റലിലെ ഗ്യാസട്രോ എന്‍ഡ്രോളജി വിഭാഗത്തിന്റെ തലവ?ാരായ ഡോ.മാത്യൂ ഫിലിപ്പ്, ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, ഡോ.സിറിയക് എബി. ഫിലിപ്പ്, ഡോ.പ്രകാശ്‌സഖറിയാ, ഡോ.സോളമന്‍ കെ.ജോണ്‍ തുടങ്ങി പ്രഗത്ഭരുടെ ഒരുനിര തന്നെയാണ് എന്റെ കരള്‍ മാറ്റിവെയ്ക്കണമെന്നുള്ള തീരുമാനം എടുത്തത്. എന്നോട് എങ്ങനെ പറയും എന്ന വിഷമത്തില്‍ എന്റെ അടുത്തുവന്ന ഡോ.മാത്യൂ ഫിലിപ്പ് ഈ കാര്യം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തില്‍ പ്രകടമായ ടെന്‍ഷന്‍ എനിക്ക് കാണാമായിരുന്നു. പിന്നീട് കരള്‍ മാറ്റ ശസ്ത്രക്രിയയുടെ എല്ലാ ഘട്ടങ്ങളേയും ദൈവതുണയാല്‍ ഞാന്‍ തരണം ചെയ്തു. ഒരു കരള്‍ മാറ്റത്തിന് വിധേയനാകുമ്പോള്‍ തുടര്‍ന്നുള്ള ഒരു വ്യക്തിയുടെ അബോധാവസ്ഥയുടേയും ബോധത്തിന്റെയും മാനസിക സംഘര്‍ഷങ്ങള്‍ ഞാന്‍ ഏറെ അനുഭവിച്ചു.
രംഗം 3
ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞുകാണും ഞാന്‍ അന്ന് പി.വി.എസ്. ഹോസ്പിറ്റലിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ക്കുള്ള ഒരു പ്രത്യേക സംരക്ഷണത്തില്‍ കിടക്കുകയാണ്. പുറത്ത് നിന്ന് ആരെയും എന്നെ കാണുവാന്‍ അനുവദിച്ചിരു ന്നില്ല. പി.വി.എസ്. ആശുപത്രിയിലെ നഴ്‌സിംഗ് ഹെഡ് ഇന്‍ചാര്‍ജ്ജ് എന്റെ റൂമില്‍ വന്ന് എന്നോടായി പറഞ്ഞു. ഇന്ന് അരവിന്ദന് ഒരു ഗസ്റ്റുണ്ട്. ആരെയും അരവിന്ദനെ കാണിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. എന്നാല്‍ അനുവാദത്തോടുകൂടി ഒരാള്‍ അരവിന്ദനെ കാണാന്‍ വരും. ആരാവും എന്ന ചിന്ത എന്നെ ഏറെ നേരം അലട്ടി. എന്നെ ഓപ്പറേഷന്‍ ചെയ്ത എന്റെ ഡോ.സോളമന്‍ കെ.ജോണ്‍ എന്റെ റൂമിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ പിന്നില്‍ പ്രതീക്ഷിക്കാതെ ബാബുവേട്ടന്‍ ചിരിച്ചുകൊണ്ട് നടന്നുവരുന്നു. എന്റെ അടുത്ത് വന്ന് കൈകള്‍ കെട്ടി ബാബുവേട്ടന്‍ ഏറെ നേരം നോക്കി നിന്നു. ഞാന്‍ കരയണോ അതോ സന്തോഷിക്കണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ആ നിമിഷം ഡോ.സോളമന്‍ സാര്‍ എന്നോട് പറഞ്ഞു. ഇദ്ദേഹം ഇവിടെ നമ്മുടെ
ഹോസ്പിറ്റലില്‍ ഒരു ഗസ്റ്റായി വന്നതാ. ഇവിടെ വന്നതു മുതല്‍ ആദ്യം അന്വേഷിക്കുകയും അരവിന്ദനെ നേരില്‍ കാണാന്‍ അനുവാദം വേണമെന്ന് എന്നോട് പറയുകയും ചെയ്തു. അരവിന്ദന്റെ ചികിത്സയ്ക്ക് എല്ലാ സഹകരണവും സഹായവും അദ്ദേഹം പ്രസംഗത്തില്‍ ഹോസ്പിറ്റല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ബാബുചേട്ടന്‍ അപ്പോഴും ചിരിക്കുന്നുണ്ടെങ്കിലും ബാബുചേട്ടന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നത് എനിക്ക് കാണാമായിരുന്നു. ഏറെ നേരം അവിടെ നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ പുറത്തേക്ക് പോയി. അപ്പോള്‍ ബാബുവേട്ടന്‍ എന്നെ തിരിഞ്ഞുനോക്കി കൈകള്‍ വീശി. എന്റെ എറണാകുളത്തെ റെസ്റ്റിംഗ് പിരീഡിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ തൃശ്ശൂരിലേയ്ക്ക് പോന്നു. പിന്നീട് ബാബുചേട്ടനെ ഞാന്‍ കാണുന്ന നിമിഷം ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ സംസാരിക്കും. അപ്പോഴൊക്കെ ബാബുചേട്ടന്‍ പറയും ഞാന്‍ അരവിന്ദനെ ഹോസ്പിറ്റലില്‍ കാണാന്‍ വന്ന ആ ദിവസത്തെ കുറിച്ച്. അരവിന്ദനെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി എന്നും ഒരു വെള്ളത്തുണിയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ഒരാള്‍ കത്തിക്കരിഞ്ഞ ഒരു വിറകുകൊള്ളി പോലെയായിരുന്നു അരവിന്ദന്റെ രൂപമെന്നും അതുകണ്ട മാത്ര ഒന്നും മിണ്ടാനാവാതെ ബാബുചേട്ടന്‍ എന്റെ അരികില്‍ നിന്നത് എന്ന്. എന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് 6 മാസം വരേയും ഞാന്‍ എന്റെ രൂപം കണ്ടിട്ടില്ല. അത്രയും ഭീകരമായിരുന്നു എന്റെ ശാരീരിക രൂപം. ആ രൂപപ്രക്രിയയില്‍ നിന്നും ഇന്നു കാണുന്ന രൂപമാറ്റത്തെക്കുറിച്ച് എപ്പോഴും സംസാരിക്കും. ബാബുവേട്ടനുമായി സന്തോഷത്തോടെ കഴിഞ്ഞ കാലത്തെ കുറിച്ച് ഏറെ പറയാനുണ്ടെങ്കിലും. ഈ അടുത്ത കാലത്താണ് വീണ്ടും ബാബുവേട്ടനെ ഒരിക്കല്‍ വേദനിപ്പിച്ച രോഗത്തിന്റെ നാമ്പുകള്‍ വീണ്ടും ഒരു വിരുന്നുകാരനെപ്പോലെ വന്നത്. എങ്കിലും ബാബുചേട്ടന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്. പക്ഷേ വിധിയുടെ കറുത്ത കൈകള്‍ വീണ്ടും ബാബുചേട്ടനെ ആശുപത്രി കിടക്കയില്‍ എത്തിച്ചു. ബാംഗ്ലൂരിലെ ഒരു സര്‍ജ്ജറിക്കുശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബാബുചേട്ടനെ ഞാന്‍ കാണുന്നത് മരിക്കുന്നതിന് 12 ദിവസം മുമ്പാണ്. ഞാനും എന്റെ പ്രിയ പത്‌നിയും ബാബുചേട്ടനുവേണ്ടി ഒരു പ്രാര്‍ത്ഥന ചെയ്ത് പ്രസാദം കൊടുക്കുവാന്‍ നേരില്‍ പോയി. അതിനു മുമ്പുള്ള ദിവസങ്ങളെല്ലാം വേദനയുടെ നാളുകളായിരുന്നു ബാബുചേട്ടന്. അന്ന് എന്തോ ബാബുചേട്ടന്‍ ഏറെ സന്തോഷവാനായി കാണപ്പെട്ടു.ഞാന്‍ അടുത്തുചെന്നു. എന്നോട് ബാബുചേട്ടന്‍ പറഞ്ഞു. അരവിന്ദാ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ല. എന്റെ അരയ്ക്ക് താഴെ തളര്‍ന്നിരിക്കുകയാണ്. എന്റെ കാലുകള്‍ പിടിച്ചു നോക്കുവാന്‍ പറഞ്ഞു.ഞാന്‍ രണ്ടു കാലുകളും ഇളക്കി നോക്കി. കാലിലെ തളര്‍ച്ച എനിയ്ക്ക് കാണാമായിരുന്നു. എന്റെ പ്രിയ പത്‌നി ഷൈലജയാണ് ബാബുചേട്ടനോട് പറഞ്ഞത് 'അരവിന്ദേട്ടന്റെ അവസ്ഥ ഇതുതന്നെയായിരുന്നില്ലേ ബാബുചേട്ടാ ഒന്ന് എഴുന്നേല്ക്കാന്‍പോലും ആവാതെ മൂന്നു മാസം കിടക്കയില്‍ കിടന്നില്ലേ. പിന്നീട് എല്ലാം ശരിയായി. മെല്ലെ മെല്ലെ എഴുന്നേറ്റ് നടന്നു'. അങ്ങനെ ഈ സ്റ്റേജിലുളള അവസ്ഥകളെ കുറിച്ച് ഷൈലജ പറഞ്ഞുകൊണ്ടിരുന്നു.
ഏറെ നേരം കേട്ട ബാബുചേട്ടന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു. വിഷ്ണുമായസ്വാമി എന്തെങ്കിലും നിരീച്ചിട്ടുണ്ടാവും. എന്റെ മകന്‍ അമലിന് ഏറെ ഇഷ്ടമായിരുന്നു ബാബുചേട്ടനെ. തൃക്കേട്ടക്കാരന്‍ എന്നായിരുന്നു അമലിനെ വിളിച്ചിരുന്നത്. ബാബുചേട്ടന്റെ ജ?നക്ഷത്രം തൃക്കേട്ടയായിരുന്നു. അതുകൊണ്ടുതന്നെ എപ്പോഴും പറയും ഇവന്‍ മിടുക്കനാവുമെന്ന്. കേരള ജ്യോതിഷ പരിഷത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പരിപാടിയുടെ ദിവസം വേദനകള്‍ ഏറെ ഉണ്ടായിരുന്നിട്ടും അതെല്ലാം കടിച്ചുപിടിച്ച് എല്ലാവര്‍ഷവും സ്റ്റേജ് ഡയറക്ഷന്റെ ഉത്തരവാദിത്വം ഈ വര്‍ഷവും ബാബുചേട്ടന്‍ നിറവേറ്റി. ശാരീരിക അവസ്ഥകള്‍ കണ്ട് ബാബുചേട്ടന്‍ കഴിയുന്നതും വരേണ്ട എന്നു പറഞ്ഞപ്പോള്‍ എനിക്ക് ഇവിടെ ഇരുന്നാല്‍ ഇരിക്കപ്പൊറുതിയുണ്ടാവില്ല എന്നു പറയുകയും ചെയ്തു. ദൃഢമായ ഒരു സുഹൃദ്ബന്ധമായിരുന്നു ആവണങ്ങാട്ടു കളരിയിലെ രഘുരാമന്‍ പണിക്കരുമായി. എല്ലാ പരിപാടികളുടേയും ആദ്യ അവസാനവും ബാബുചേട്ടന്റെ നിറസാന്നിദ്ധ്യം അവരുടെ ഹൃദയബന്ധത്തിന്റെ ഊഷ്മളതയാണ്. കണ്ണുനീരിന് അന്ത്യമുണ്ടോ എന്ന് എനിക്ക് അറിയില്ല. ജ്യോതി ചേച്ചിയും ശ്രവണയും ദര്‍ശനും ജ്യോതിചേച്ചിയുടെ അമ്മയും എനിക്കും എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവരാണ്. ഞാന്‍ സിനിമയെ ഇഷ്ടപ്പെട്ട നാള്‍ മുതല്‍ എന്റെ സിനിമാഅഭിരുചിയെ പരിപോഷിപ്പിക്കുവാന്‍ എനിക്ക് വഴി കാട്ടിയവരാണ് ലോഹിയേട്ടനും ബാബുചേട്ടനും. കയ്യില്‍ സിനിമയുടെ മാന്ത്രികവടി കരുതിയവര്‍: ഇവരുടെയെല്ലാം വിയോഗങ്ങള്‍ തീരാനഷ്ടങ്ങളാണ്, വേദനകളാണ്. എന്റെ പ്രിയപ്പെട്ട ബാബുചേട്ടന് പ്രണാമം.