gulf

തിരുവനന്തപുരം: പ്രവാസികളിൽ നിന്ന് അവരുടെ ക്ഷേമത്തിനെന്ന പേരിൽ പിരിച്ചെടുത്ത അമ്പതിനായിരം കോടിയിലേറെ രൂപ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കുമിഞ്ഞു കിടക്കുമ്പോഴാണ് നാട്ടിലെത്താൻ ടിക്കറ്റിന് പണമില്ലാതെയും ക്വാറന്റൈൻ സൗകര്യമില്ലാതെയും ഗൾഫിൽ മലയാളികൾ കഷ്‌ടപ്പെടുന്നത്.

ക്ഷേമനിധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചില പ്രവാസി സംഘടനകൾ നൽകിയ ഹർജിയിൽ,​ ഇതിലെ തുക വിനിയോഗിച്ച് അർഹരായവർക്ക് ടിക്ക​റ്റ് നൽകാമെന്ന് കേന്ദ്രസർക്കാ‌ർ സുപ്രീംകോടതിയിൽ പറഞ്ഞെങ്കിലും നടപ്പായില്ല.

കോൺസൽ സർവീസിനായി എംബസിയെയും കോൺസുലേ​റ്റിനെയും സമീപിക്കുമ്പോൾ ഈടാക്കുന്ന തുകയാണിത്. 2009 മുതൽ വെൽഫെയർ ഫണ്ടിലേക്ക് 10 ദിർഹം വീതമാണ് യു.എ.ഇയിൽ ഈടാക്കുന്നത്. മുൻകാലങ്ങളിൽ ഗൾഫിലേക്കു വരുന്നവരിൽനിന്ന് ഇ.സി.എൻ.ആർ സ്​റ്റാമ്പ് ചെയ്തു നൽകാൻ വൺവേ ടിക്ക​റ്റ് ഇനത്തിൽ സ്വരൂപിച്ച തുകയും ഫണ്ടിലുണ്ട്.

വിദേശകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേമനിധി. 2007ൽ എം. പിയായിരുന്ന ടി. കെ ഹംസയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയിൽ നൽകിയ കണക്കുപ്രകാരം അന്ന് മൊത്തം തുക 24,000 കോടിയായിരുന്നു. ഇപ്പോഴത് അമ്പതിനായിരം കോടിയിലേറെ വരും.

ജോലി നഷ്ടപ്പെട്ടും വിസ കാലാവധി തീർന്നും കഷ്ടപ്പെടുന്നവരെ ക്ഷേമനിധി ഉപയോഗിച്ചു നാട്ടിലെത്തിക്കണമെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.വരുമാനം ഇല്ലാതെ മറ്റുള്ളവരുടെ കാരുണ്യത്തിൽ വിമാനടിക്കറ്റ് ലഭിച്ചവർക്ക് പി.പി.ഇ കിറ്റിനുള്ള പണമെങ്കിലും നൽകണമെന്നും അവർ അപേക്ഷിക്കുന്നു.

ബഹറിനിൽ നിർദ്ധനർക്ക് കഴിഞ്ഞ പത്തു വർഷം ടിക്കറ്റിനും മൃതദേഹങ്ങൾ നാേിൽ എത്തിക്കാനും ക്ഷേമനിധിയിൽ നിന്ന് നൽകിയ സഹായത്തിന്റെ വിവരങ്ങൾ പ്രവാസി സംഘടനകൾക്ക് വിവരാവകാശ മറുപടിയായി കിട്ടിയിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളിലും ഇത്തരം സഹായങ്ങൾ നൽകിയിട്ടുണ്ട്.

ക്ഷേമനിധി പണം ചെലവാക്കുന്നത്

--തൊഴിൽ കേസുകളും സ്ത്രീകളെ വഞ്ചിച്ച കേസുകളും നടത്താൻ

--വിദേശത്ത് കുടുങ്ങിയവർക്ക് 60 ദിവസം താമസമൊരുക്കാനും മടക്കടിക്കറ്റ് നൽകാനും

--പരിക്കേറ്റവർക്കും ഡോക്ടർക്കും അനുഗമിക്കുന്നയാൾക്കും മടക്ക ടിക്കറ്റിന്

--മൃതദേഹങ്ങൾ വിദേശത്ത് സംസ്‌കരിക്കാൻ

--മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും അനുഗമിക്കുന്നവരുടെ ടിക്കറ്റിനും

കൊവിഡ് കാരണം മടങ്ങുന്നവർക്ക് ടിക്കറ്റിന് ഫണ്ടിൽ നിന്ന് പണംനൽകാനാവില്ല. വിദേശത്ത് പ്രയാസപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കാനാണ് ഫണ്ട്.

-ഡോ. ഔസാഫ് സഈദ്

സൗദിയിലെ ഇന്ത്യൻ അംബാസഡർ

ക്ഷേമനിധി ഉപയോഗിച്ച് എല്ലാവർക്കും ടിക്കറ്റെടുക്കാനോ,മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനോ ചട്ടം അനുവദിക്കുന്നില്ല. ഇവിടെയുള്ള ആവശ്യങ്ങൾക്ക് ഇവിടെ ചെലവഴിക്കാനേ കഴിയൂ. ഭക്ഷണം, നിർദ്ധനർക്ക് ടിക്ക​റ്റ് എന്നിവ നൽകാം.

-വിപുൽ

കോൺസുൽ ജനറൽ, ദുബായ്

ബഹറിനിൽ നൽകിയ സഹായം

2010-2019: 944 ടിക്ക​റ്റുകൾ

2019: 44 ടിക്ക​റ്റുകൾ - 8,96,851രൂപ

2020: 10ടിക്ക​റ്റുകൾ - 3,47,579രൂപ

2010-2018: 96 മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു