കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ വൻ കുതിപ്പുമായി എക്കാലത്തെയും ഉയരത്തിലെത്തി. ഇന്നലെ രണ്ടുവട്ടമായി മൊത്തം 400 രൂപ വർദ്ധിച്ച് പവൻവില 35,920 രൂപയായി. 50 രൂപ മുന്നേറി 4,490 രൂപയാണ് ഗ്രാം വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണത്തിന്റെ മുന്നേറ്രം.
കൊവിഡ് പ്രതിസന്ധിമൂലം ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണി ഇനിയും സജീവമായിട്ടില്ല. നിക്ഷേപകർ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായതോടെ ഉയർന്ന യുദ്ധഭീതി, അമേരിക്ക-ചൈന തർക്കം, അമേരിക്കൻ സമ്പദ്‌സ്ഥിതി സംബന്ധിച്ച ആശങ്ക എന്നിവയും സ്വർണത്തോടുള്ള നിക്ഷേപക താത്പര്യം ഉയർത്തിയിട്ടുണ്ട്. മേയിൽ മാത്രം ഇന്ത്യയിലെ ഗോൾഡ് ഇ.ടി.എഫ് ഫണ്ടുകളിലേക്ക് ഒഴുകിയത് 815 കോടി രൂപയാണ്. കഴിഞ്ഞ ആഗസ്‌റ്ര് മുതൽ ഇതുവരെ 3,300 കോടി രൂപയും.
രാജ്യാന്തരവില ഇന്നലെ ഔൺസിന് 1.01 ഡോളർ ഉയർന്ന് 1,771.23 ഡോളറിലെത്തി. കഴിഞ്ഞ ഏഴരവർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. നിലവിലെ ട്രെൻഡ് തുടരുമെന്നും കേരളത്തിൽ ഗ്രാം വില വൈകാതെ 4,500 രൂപയും പവൻവില 36,000 രൂപയും കടക്കുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
പുതിയ ഉയരം
പവൻ വില : ₹35,920 (+400)
ഗ്രാം വില : ₹4,490 (+50)
₹40,000
സംസ്ഥാനത്ത് ഇപ്പോൾ മൂന്നു ശതമാനം ജി.എസ്.ടി, 0.25 സെസ്, കുറഞ്ഞത് 5% പണിക്കൂലി എന്നിവ കൂടിച്ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 40,000 രൂപ കൊടുക്കേണ്ട സ്ഥിതിയാണ്.
₹6,920
പവൻ വിലയിൽ 2020ൽ ഇതുവരെ വർദ്ധിച്ച തുക.