sun

സൂര്യനെ ഇന്നുവരെ കാണാത്ത തരത്തിൽ കാണിച്ചുതരുന്ന ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ ദൃശ്യവുമായി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. നാസയുടെ 'സോളാർ ഡയനാമിക്സ് ഒബ്‌സർവേറ്ററി(എസ്.ഡി.ഒ)' പേടകം 10 വർഷക്കാലത്തോളം സൂര്യനെ നിരീക്ഷിക്കുകയും തുടർന്ന് 425 ദശലക്ഷം ഹൈ റെസൊല്യൂഷൻ ചിത്രങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്‌തിരുന്നു.

ഈ ചിത്രങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സൂര്യന്റെ പത്ത് വർഷക്കാലയളവിനെ 'ടൈംസ് ലാപ്സ്' രീതി ഉപയോഗിച്ചുകൊണ്ട് വെറും ഒരു മണിക്കൂറായി നാസ ചുരുക്കിയിരിക്കുന്നത്. വീഡിയോയിൽ, സൂര്യന്റെ സവിശേഷതയായ 'സോളാർ ഫ്ലെയർ(സൗരജ്വാല)' എന്ന പ്രതിഭാസത്തെയും സൗരോപരിതലത്തിൽ ധാരാളമായി കാണാൻ സാധിക്കുന്നുണ്ട്.

എന്നാൽ ഇടയ്ക്കിടയ്ക്ക് വീഡിയോയിൽ ഇടവേളകൾ ദൃശ്യമാകുന്നത് സൂര്യന്റെയും എസ്.ഡി.ഒ പേടകത്തിന്റെയും ഇടയിലേക്ക് ചന്ദ്രൻ, ഭൂമി എന്നിവ വന്നത് കൊണ്ടാണെന്നും അതേസമയം, പേടകത്തിന്, 2016ൽ ഉണ്ടായ ഒരു തകരാറ് മറ്റൊരു വലിയ 'ബ്ലാക്ക്ഔട്ടി'ന് കാരണമായെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ചുരുങ്ങിയ സമയം കൊണ്ട് ആറ് ലക്ഷം പേരാണ് നാസയുടെ ഈ വീഡിയോ കണ്ടത്. ഇതോടെ സൂര്യന്റെ ഈ വീഡിയോ യൂട്യൂബിൽ വൻ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനോട് സമാനമായി, സൗരയൂഥത്തിലെ ഗ്രഹമായ 'മെർക്കുറി' സൂര്യനെ കടന്നുപോകുന്ന ഒരു 'ടൈം ലാപ്സ്' വീഡിയോ നാസ പുറത്തുവിട്ടിരുന്നു.