ഹൈദരാബാദ്: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ചത് ജെ.സി.ബിയിൽ. ആന്ധ്രപ്രദേശിലെ പലസ മുനിസിപ്പാലിറ്റിയിലെ ഉദയപുരത്താണ് സംഭവം. 70കാരനായ മുൻ നഗരസഭാ ജീവനക്കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംഭവം വിവാദമായതോടെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
പലസ മുനിസിപ്പൽ കമ്മീഷണർ നഗേന്ദ്ര കുമാർ, സാനിറ്ററി ഇൻസ്‌പെക്ടർ എൻ. രാജീവ് എന്നിവരെയാണ് ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തത്. ഉദയപുരത്തുള്ള വീട്ടിൽ വച്ചാണ് 70 കാരൻ മരിച്ചത്. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് ഇയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പി.പി.ഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
മൃതദേഹത്തിൽ സ്പർശിക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് അയൽവാസികൾ ആശങ്കപ്പെട്ടതോടെ ഇയാളുടെ ബന്ധുക്കൾ നഗരസഭയെ ബന്ധപ്പെടുകയായിരുന്നു. പിന്നാലെ പ്രദേശത്തെത്തിയ നഗരസഭാ അധികൃതരാണ് മൃതദേഹം ജെ.സി.ബി കൊണ്ട് കോരിയെടുത്ത് ശ്മശാനത്തിലെത്തിച്ചത്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.