sathankulam-custody-death

ചെന്നൈ: തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സമാനതകളില്ലാത്ത പീഡനവിവരങ്ങൾ. 23ന് പൊലീസ് കസ്റ്റഡിലിരിക്കെ കൊല്ലപ്പെട്ട സാത്താൻകുളം ഉഡങ്ങുടി സ്വദേശിയായ തടിവ്യാപാരി പി.ജയരാജ് (59), മൊബൈൽഷോപ്പ് ഉടമയായ മകൻ ഫെന്നിക്സ് (31) എന്നിവരുടെ മലദ്വാരത്തിൽ പൊലീസ് സ്റ്റീൽ കെട്ടിയ ലാത്തി പലതവണ കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷി മൊഴി.

'പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായി ഇരുവരും പീഡിപ്പിക്കപ്പെട്ടു. മലദ്വാരത്തിൽ കമ്പികയറ്റി. പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി. ചോരയിൽ കുതിർന്ന വസ്ത്രങ്ങളുമായാണ് ഇരുവരെയും മുറിയിൽ നിന്ന് പുറത്തിറക്കിയതെന്നും' ദൃക്സാക്ഷികൾ വെളിപ്പെടുത്തി. തുണിയുരിഞ്ഞ് പൂർണ നഗ്നരാക്കിയായിരുന്നു പൊലീസ് മർദ്ദിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ദൃക്സാക്ഷികളുടെ മൊഴിയും. അച്ഛനെ തല്ലുന്നത് ചോദ്യം ചെയ്തതോടെയാണ് ഫെന്നിക്സും പ്രതിയാക്കപ്പെട്ടത്.

ഫെന്നിക്സിന്റെ നെഞ്ചിലെ രോമം പിഴുതെടുത്തു. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കാൻ കഴിയുമായിരുന്നതല്ല. കുറ്റവാളിയെ കൊണ്ടു പോകുന്നതു പോലെ ഉന്തിയും തള്ളിയും ജീപ്പിൽ കയറ്റി ബലം പ്രയോഗിച്ചാണ് ജയരാജിനെ കൊണ്ടുപോയത്. അച്ഛനെ പൊലീസ് കൊണ്ടു പോയി എന്നറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തിയതായിരുന്നു ഫെന്നിക്സെന്നു സുഹൃത്തുക്കൾ പറയുന്നു. 18 ന് വ്യാഴാഴ്ച രാത്രി അനുവദിക്കപ്പെട്ടതിലും അധികം 15 മിനിട്ട് കടതുറന്നുവെന്നായിരുന്നു ജയരാജിനു മേൽ ചാർത്തപ്പെട്ട കുറ്റം. കസ്റ്റഡിയിൽ അച്ഛനെ പൊലീസുകാർ അകാരണമായി മർദിക്കുന്നത് ചോദ്യം ചെയ്തതാണ് ഫെന്നിക്സിന് നേരേ പൊലീസ് തിരിയാൻ കാരണം.
പീഡനമുറകളുടെ മൂന്ന് മണിക്കൂർ

3 മണിക്കൂർ നേരം ഇരുവരെയും പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. നിലവിളി കേട്ട് നിൽക്കുകയെന്നതല്ലാതെ മറ്റൊന്നും ഞങ്ങൾക്കു ചെയ്യാനായില്ല.'– ഫെന്നിക്സിന്റെ സുഹൃത്തുക്കൾ പറയുന്നു. അതിഗുരുതര നിലയിൽ ഇരുവരെയും ജൂൺ 20 ന് സർക്കാർ ആശുപത്രിയിയിൽ എത്തിക്കുമ്പോൾ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. നാല് മണിക്കൂറിനിടെ ആശുപത്രിയിൽ വച്ച് 7 തവണയാണ് ധരിച്ചിരുന്ന ലുങ്കി ഇരുവരും മാറിയത്. ആശുപത്രിയിൽ കൊണ്ടും പോകും വഴി ജീപ്പിൽ കറപറ്റാതിരിക്കാൻ സ്വന്തം ചെലവിൽ കാർ വിളിക്കാൻ ആവശ്യപ്പെട്ടതായും സുഹൃത്തുക്കൾ പരാതിപ്പെടുന്നു. ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരിക്കുകൾക്കു കാരണമെന്നും എഫ്.ഐ.ആറിൽ വ്യക്തമായ പരാമർശമുണ്ട്.

 റിമാൻഡ് ചെയ്തത് നേരിട്ട് കാണാതെ

ചോരയൊലിപ്പിച്ചു കൊണ്ടാണ് ഇരുവരെയും മജിസ്ട്രേറ്റിനു മുന്നിൽ എത്തിച്ചത്. എന്നാൽ,​ കൊവിഡ് കാലമായതിനാൽ ഇരുവരെയും 40 അടി അകലത്തിൽ നിറുത്തണമെന്ന് മജിസ്ട്രേറ്റ് ഡി.ശരവണൻ വാശിപിടിച്ചതിനാൽ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകാനായില്ലെന്നും കാറിൽ ഇരുത്തിയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി. ജയരാജനെയും മകനെയും നേരിട്ടു കാണാതെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ചും വെളിപ്പെടുത്തിയിരുന്നു.

 തെരുവിലിറങ്ങാൻ ആഹ്വാനം

#JusticeforJayarajAndFenix എന്ന ഹാഷ്ടാഗിൽ കസ്റ്റഡി മരണത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ യു.എസിൽ ഉണ്ടായതുപോലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്താനും അനീതിക്കെതിരെ പൊരുതാനും വൈകരുതെന്നാണ് ആഹ്വാനം. അതേസമയം,​ സംഭവം വലിയ പ്രക്ഷോഭമായി മാറാതിരിക്കാൻ രാഷ്ട്രീയ കക്ഷികൾ മുൻകൈയെടുക്കണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ മരിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകൾ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി അഭ്യർത്ഥിച്ചു.

 പൊലീസിനെ വിമർശിച്ച് കോടതി

സാധാരണ ജനങ്ങൾക്കു നേരെയുള്ള പൊലീസ് അതിക്രമം കൊവിഡ് പോലെ മറ്റൊരു പകർച്ചവ്യാധിയാണെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിമർശിച്ചു. കോടതിയെ ചെറുതായി കാണരുതെന്നും ഇരകൾക്കു നീതി ലഭ്യമായെന്ന് ഉറപ്പാക്കുമെന്നും കോടതി പറഞ്ഞു. കൊവിഡ് ഡ്യൂട്ടി മാനസിക സംഘർഷം സൃഷ്ടിക്കുന്നുണ്ടെങ്കിൽ പൊലീസുകാർക്കു കൗൺസലിംഗും യോഗ പരിശീലനവും നൽകണമെന്നും കോടതി നിർദേശിച്ചു. സംഭവം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ സി.സി.ടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും കോടതി പൊലീസിനു നിർദേശം നൽകി. കേസ് 30നു വീണ്ടും പരിഗണിക്കും.

 നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡി.എം.കെയും അണ്ണാ ഡി.എം.കെയും

മരിച്ച ജയരാജിന്റെയും ഫെന്നിക്‌സിന്റെയും ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെയും രംഗത്തെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർ ചേർന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇരകൾക്കു നീതി ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും പാർട്ടി അറിയിച്ചു.