ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാകുന്നു
കൊൽക്കത്ത: അമ്പെയ്ത്തിലെ ഇന്ത്യൻ സൂപ്പർ താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും ചൊവ്വാഴ്‌ച വിവാഹിതരാകും. അടുത്തമാസം തുടങ്ങേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സിന് ശേഷം വിവാഹിതരാകാമെന്ന ധാരണയിലായിരുന്നു ഇരുവരും. എന്നാൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒളിമ്പിക്സ് മാറ്രിവച്ചതിനാലും ഈ സമയത്ത് മറ്ര് ടൂർണമെന്റുകളൊന്നും ഇല്ലാത്തതിനാലും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
വിവാഹശേഷം അടുത്ത ഒളിമ്പിക്സിൽ ഇരുവരും മത്സരിക്കാനിറങ്ങിയാൽ ഇന്ത്യയ്ക്കായി ഒരു ഒളിമ്പിക്സിൽ പങ്കെടുക്കുന്ന രണ്ടാമത്തെ കൊൽക്കത്തൻ ദമ്പതികൾ എന്ന നേട്ടം സ്വന്തമാക്കാനാകും. ലിയാൻഡർ പേസിന്റെ മാതാപിതാക്കളായ വേസ് പെയ്സും ജന്നിഫറുമാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. വേസ് പെയ്സ് ഹോക്കിയിലും ജെന്നിഫർ ബാസ്കറ്റ് ബാളിലുമാണ് മത്സരിക്കാനിറങ്ങിയത്.
അതാനു ടീം ഇനത്തിലും ദീപിക വ്യക്തിഗത ഇനത്തിലുമാണ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരിക്കുന്നത്.
2008ലാണ് ഇരുവരും ആദ്യമായി തമ്മിൽ കാണുന്നത്. 2018ൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. മാർച്ചിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഇരുവരും പൂനെയിലെ ദേശീയ ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റാഞ്ചിയിൽ വച്ചാണ് വിവാഹം നടത്തുക.
26കാരിയായ റാഞ്ചി സ്വദേശിയായ ദീപിക മൂന്നാം ഒളിമ്പിക്സിനും 28 കാരനായ കൊൽക്കത്ത സ്വദേശിയായ അതാനു രണ്ടാം ഒളിമ്പിക്സിനുമാണ് ഒരുങ്ങുന്നത്.
അമ്പെയ്ത്ത് ലോകകപ്പിൽ ഒരു വ്യക്തിഗത മെഡലുൾപ്പെടെ നാല് സ്വർണം നേടിയ താരമാണ് ദീപിക. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലുമെല്ലാം സ്വർണമുൾപ്പെടെ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. രാജ്യം പദ്മശ്രീയും അർജുന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പിലും ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിലുമെല്ലാം മെഡലുകൾ നേടിയിട്ടുള്ള താരമാണ് അതാനു ദാസ്. 2013-ൽ കൊളംബിയയിൽ നടന്ന മിക്സഡ് ലോകകപ്പിൽ ദീപിക കുമാരിക്കൊപ്പം അതാനു വെങ്കലം സ്വന്തമാക്കിയിരുന്നു.