dexamethasone-

ന്യൂഡൽഹി :തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്‌സമെത്തസോണ്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകി. മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിനു പകരമാണ് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാൻ അനുമതി നൽകിയിത്. ഇന്ത്യയിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍.

ബ്രിട്ടനില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സമെത്തസോണ്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്‌സമെത്തസോണ്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടനയും ആഹ്വാനം ചെയ്തിരുന്നു.

ഓക്‌സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം ഉള്ളവര്‍ക്കും ഡെക്‌സമെത്തസോണ്‍ നല്‍കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ 'ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19' ൽ പറയുന്നു. വീക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഡെക്‌സമെത്തസോണ്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി വിപണിയില്‍ ലഭ്യമാണ്.

അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടായിരത്തോളം കൊവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ നല്‍കിക്കൊണ്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ മരണനിരക്ക് 35% കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അതേസമയം തീവ്രമോ ഗുരുതരമോ ആയ രോഗമുള്ളവര്‍ക്ക് സൂക്ഷ്മ വൈദ്യനിരീക്ഷണത്തിനു കീഴില്‍ മാത്രമേ ഡെക്‌സമെത്തസോണ്‍ നല്‍കാന്‍ പാടുള്ളൂവെന്ന് ഡബ്ല്യൂ.എച്ച്‌.ഒ. വ്യക്തമാക്കിയിട്ടുണ്ട്.