india-covid

ന്യൂഡൽഹി: രാജ്യത്തിന്റെ കൊവിഡ് രോഗമുക്തീ നിരക്ക് 58 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. ഇന്ത്യയിൽ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം മൂന്ന് ലക്ഷമായിട്ടുണ്ടെന്നും രാജ്യത്ത് കൊവിഡ് മരണനിരക്ക് മൂന്ന് ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ 5,08,953 കൊവിഡ് രോഗികളുണ്ടെന്നാണ് കണക്ക്.

മാത്രമല്ല രാജ്യത്ത് 19 ദിവസം കൂടുമ്പോഴാണ് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുൻപുള്ള കണക്കനുസരിച്ച് ഇത് മൂന്ന് ദിവസമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,500 കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സമയത്താണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് ഒറ്റദിവസം കൊണ്ട് ഇത്രയധികം കേസുകൾ രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. മാത്രമല്ല രാജ്യത്തെ രോഗികളുടെ എണ്ണം ഒരു ലക്ഷ്യത്തിലേക്ക് ഏതാണ് 110 ദിവസമെടുത്തെങ്കിൽ അത് അഞ്ച് ലക്ഷമായി ഉയരാൻ വെറും 39 ദിവസങ്ങൾ മാത്രമാണ് എടുത്തതെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.

കൊവിഡ് സാഹചര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ നാലാമതാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുൻപിലായി സ്ഥാനമുള്ളത്. എന്നിരുന്നാലും രാജ്യത്തെ കൊവിഡ് മരണനിരക്ക് അനുസരിച്ചും, ജനസംഖ്യ അനുസരിച്ചുള്ള രോഗവ്യാപ്തി പ്രകാരവും ഇന്ത്യ ഈ രാജ്യങ്ങളെക്കാൾ താരതമ്യേന രോഗപ്രതിരോധത്തിൽ മുന്നിലാണ്.